മദ്യം വിതരണം ചെയ്യുന്നതിന് സൊമാറ്റോ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ. നിലവിൽ ഭക്ഷ്യ വസ്തുക്കളുടെ വിതരണം നടത്തുന്ന കമ്പനിയാണ് സൊമാറ്റോ. എന്നാൽ ലോക്ക്ഡൗൺ കാലത്ത് ഹോട്ടലുകളും മറ്റും അടച്ചു പൂട്ടിയതിനാൽ പലചരക്ക് വിതരണവും ചിലയിടങ്ങളിൽ സൊമാറ്റോ തുടങ്ങിയിരുന്നു. ലോക്ക്ഡൗൺ കാലത്തെ മദ്യത്തിന്റെ ഉയർന്ന ആവശ്യവും നിയന്ത്രണങ്ങളും പരിഗണിച്ചാണ് സൊമാറ്റോ ഇത് ഏറ്റെടുക്കുന്നത്. ആദ്യഘട്ടമായി ഇന്റർനാഷണൽ സ്പിരിറ്റ്സ് ആൻഡ് വൈൻസ് അസോസിയേഷൻ ഓഫ് ഇന്ത്യക്ക് ശുപാർശ സമർപ്പിച്ചിരിക്കുകയാണ് സൊമാറ്റോ.
ഇന്ത്യയിൽ മദ്യത്തിന്റെ ഹോം ഡെലിവറിക്ക് നിലവിൽ നിയമപരമായ വ്യവസ്ഥകളൊന്നുമില്ല. സോമാറ്റോയുമായും മറ്റുള്ളവരുമായും ചേർന്ന് മാറ്റം വരുത്താൻ ഇന്റർനാഷണൽ സ്പിരിറ്റ്സ് ആൻഡ് വൈൻസ് അസോസിയേഷൻ ഓഫ് ഇന്ത്യ ശ്രമം നടത്തുന്നുണ്ട്.”ഹോം ഡെലിവറിയിലൂടെ ഉത്തരവാദിത്തമുള്ള മദ്യപാനത്തെ പ്രോത്സാഹിപ്പിക്കാൻ കഴിയുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു,” സോമാറ്റോയുടെ ഭക്ഷ്യ വിതരണ സിഇഒ മോഹിത് ഗുപ്തയുടെ ശുപാർശയിൽ വ്യക്തമാക്കുന്നു. ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കുന്നതിലൂടെ സംസ്ഥാനങ്ങൾക്ക് റീട്ടെയിൽ കൗണ്ടറിലെ അധികഭാരം കുറയ്ക്കാമെന്നും എക്‌സിക്യുട്ടീവ് ചെയർമാൻ അമ്രിത് കിരൺ സിംഗ് അഭിപ്രായപ്പെട്ടു.