മുംബൈ: മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട ആരോപണത്തിൽ നടി കങ്കണ റണൗത്തിനെതിരേ അന്വേഷണത്തിന് ഉത്തരവ്. മഹാരാഷ്ട്ര സർക്കാരാണ് ഇക്കാര്യത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടത്. കങ്കണ ലഹരിമരുന്ന് ഉപയോഗിച്ചുവെന്ന നടൻ അധ്യയൻ സുമന്റെ പഴയ വെളിപ്പെടുത്തലാണ് ഇപ്പോൾ പൊലീസ് അന്വേഷിക്കുക.
നിയമവിരുദ്ധമായി നിർമിച്ച കെട്ടിടം പൊളിക്കണമെന്നാവശ്യപ്പെട്ടു കങ്കണയ്ക്കെതിരെ മുംബൈ കോർപ്പറേഷൻ നോട്ടീസ് അയച്ചതിനു പിന്നാലെയാണ് ഇപ്പോൾ ലഹരിക്കേസിൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.കങ്കണ തന്നോടു ലഹരിമരുന്ന് ഉപയോഗിക്കാൻ ആവശ്യപ്പെട്ടിരുന്നെന്ന നടിയുടെ മുൻ കാമുകൻ അധ്യായൻ സുമന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണു മഹാരാഷ്ട്ര സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൻതോതിൽ പ്രചരിക്കുന്നുണ്ട്. അഭിമുഖത്തിന്റെ പകർപ്പു ശിവസേന നേതാക്കളായ സുനിൽ പ്രഭു, പ്രതാപ് സർനായിക് എന്നിവർ സർക്കാരിനു കൈമാറി. ഇതിന്റെ അടിസ്ഥാനത്തിൽ ശിവസേന എം.എൽ.എമാർ നൽകിയ പരാതിയിലാണ് സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടത്. കങ്കണ ലഹരിമരുന്ന് ഉപയോഗിച്ചുവെന്നും മറ്റൊരാളെ ലഹരിമരുന്ന് ഉപയോഗിക്കാൻ നിർബന്ധിച്ചുവെന്നുമുള്ള വെളിപ്പെടുത്തലുകൾ ചൂണ്ടിക്കാണിച്ചായിരുന്നു ശിവസേന എം.എൽ.എമാരുടെ പരാതി.