ദില്ലി: മരടിലെ ഫ്‌ളാറ്റുകൾക്ക് പിന്നാലെ തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമ്മിച്ച കേരളത്തിലെ മറ്റൊരു റിസോർട്ട് കൂടി പൊളിച്ചു മാറ്റാൻ സുപ്രീംകോടതി ഉത്തരവിട്ടു. ആലപ്പുഴ ജില്ലയിലെ വേമ്പനാട് കായലിൽ ഉള്ള നെടിയത്തുരുത്ത് ദ്വീപിൽ തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമിച്ച കാപ്പിക്കോ റിസോർട്ട് പൊളിച്ചു കളയാനാണ് സുപ്രീംകോടതി ഉത്തരവിട്ടത്.
നിയമം ലംഘിച്ച് നിർമ്മിച്ച റിസോർട്ട് പൊളിച്ചു കളയാൻ നേരത്തെ കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ റിസോർട്ട് ഉടമകൾ സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതി ഉത്തരവ്. ജസ്റ്റിസ് ആർ. എഫ് നരിമാൻ അധ്യക്ഷൻ ആയ ബെഞ്ച് ആണ് കാപ്പിക്കോ റിസോർട്ട് പൊളിച്ചു കളയണമെന്ന് വിധി പ്രസ്താവിച്ചത്. തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമിച്ച റിസോർട്ട് പൊളിച്ച് നീക്കണം എന്ന് 2013 ൽ കേരള ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ ഉത്തരവുണ്ടായത്. നിയമം ലംഘിച്ച് മരടിൽ നിർമിച്ച നാല് ഫ്‌ളാറ്റുകൾ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ പൊളിച്ചു കളയാൻ വിപുലമായ തയ്യാറെടുപ്പുകളോടെ സംസ്ഥാന സർക്കാർ അവസാനവട്ട ഒരുക്കങ്ങൾ പൂർത്തിയാക്കുന്നതിനിടെയാണ് മറ്റൊരു റിസോർട്ട് കൂടി പൊളിച്ചുകളയാനുള്ള വഴിയൊരുങ്ങിയത്.