ഇടുക്കി : ഉപ്പുതറ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ വനിതകള്‍ ലോക് ഡൗണിലും ജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ കര്‍മ്മനിരതരാണ്. കോവിഡ് പ്രതിരോധത്തിനായി പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലേയ്ക്കും നല്‍കാനുള്ള മാസ്‌ക് തയ്ച്ച് നല്കിയും ജനകീയ ഹോട്ടലാരംഭിച്ചും ഇവര്‍ പ്രവര്‍ത്തന സജ്ജരാണ്. ഉപ്പുതറ ഗ്രാമപഞ്ചായത്തിലെ 18 വാര്‍ഡുകളിലെയും എല്ലാവീടുകളിലും മാസ്‌കുകള്‍ നല്‍കുന്നതിനാണ് മാസ്‌ക് നിര്‍മ്മാണ ചുമതല ഗ്രാമ പഞ്ചായത്ത് കുടുംബശ്രീയെ ഏല്‍പിച്ചത്. കഴുകി ഉപയോഗിക്കാവുന്ന തരത്തില്‍ മാസ്‌ക്് നിര്‍മ്മിക്കാന്‍ നിലവാരമുള്ള തുണി കുടുംബശ്രീ തന്നെ അംഗങ്ങള്‍ക്ക് വാങ്ങി നല്കി. ഇതുപയോഗിച്ച് വിവിധ കുടുംബശ്രീകളില്‍ നിന്നുള്ള ഇരുപതോളം അംഗങ്ങള്‍ നിര്‍മ്മിച്ചത് 11000 മാസ്‌കുകള്‍ ആണ്. മാസ്‌ക്കൊന്നിന് പത്ത് രൂപ നിരക്കില്‍ പഞ്ചായത്ത് കുടുംബശ്രീക്ക് പ്രതിഫലം നല്കും. മാസ്‌കുകള്‍ സിഡിഎസ് ചെയര്‍പേഴ്സണ്‍ ബിന്ദു സജീവ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സത്യന് കൈമാറി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല രാജന്‍, സെക്രട്ടറി എ. ശ്രീധരന്‍ എന്നിവര്‍ പങ്കെടുത്തു.
വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ ഒരു വീട്ടില്‍ 4 മാസ്‌ക് എന്ന രീതിയില്‍ വിതരണം ചെയ്തു. കോവിഡ് പ്രതിരോധ ഭാഗമായുള്ള ലോക്ക് ഡൗണ്‍ കാരണം ജോലിക്ക് പോകാന്‍ കഴിയാതെ വീടുകളില്‍ കഴിയുന്ന കുടുംബശ്രീ വനിതകള്‍ക്ക് ഒരു വരുമാനമാര്‍ഗ്ഗംകണ്ടെത്താന്‍ മാസ്‌ക് നിര്‍മ്മാണത്തിലൂടെ സാധിച്ചതായി സിഡിഎസ് ചെയര്‍പേഴ്സണ്‍ ബിന്ദു സജീവ് പറഞ്ഞു.
കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി ഉപ്പുതറ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുടുംബശ്രീയുമായി ചേര്‍ന്ന് ആരംഭിച്ച സമര്‍പ്പിതാ ജനകീയ ഹോട്ടലിന്റെ പ്രവര്‍ത്തനവും കുടുംബശ്രീ വനിതകളുടെ ആരംഭിച്ചിട്ടുണ്ട്. കുടുംബശ്രീ അംഗങ്ങളായ സ്വപ്നബിനു, സബിത രാജു, മഞ്ജു മനോജ്, റെജി മണിക്കുട്ടന്‍ എന്നിവരാണ് ജനകീയ ഹോട്ടലിന്റെ അമരക്കാര്‍. ഉപ്പുതറ ടൗണില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ജനകീയ ഹോട്ടലില്‍ ഊണിന് 20 രൂപയാണ് ഈടാക്കുന്നത്. കോവിഡ് സാഹചര്യത്തില്‍ പാര്‍സലായി നല്കുന്ന ഊണിന് 25 രൂപയാണ്. വാടകയും വൈദ്യുതി ചാര്‍ജും വെള്ളവും ഗ്രാമപഞ്ചായത്ത് നല്‍കും. പ്രത്യേക സബ്സിഡിയോടെ അരി, സപ്ലൈകോ മുഖേന സര്‍ക്കാരില്‍ നിന്ന് ലഭിക്കും.