കേരളം നേരത്തെ തീരുമാനിച്ച മുൻഗണനാ പട്ടികയിലെ പ്രവാസികളെ ആദ്യ ഘട്ടത്തിൽ തന്നെ നാട്ടിലെത്തിക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൊഴിൽ നഷ്ടപ്പെട്ടവർ, കരാർ പുതുക്കിയിട്ടില്ലാത്തവർ, ജയിൽ മോചിതർ, ഗർഭിണികൾ, വിസിറ്റ് വിസ കാലാവധി കഴിഞ്ഞവർ, ലോക്ക്ഡൗൺ കാരണം മാതാപിതാക്കളിൽ നിന്ന് വേറിട്ട് കഴിയേണ്ടി വന്ന കുട്ടികൾ, പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾ എന്നിവരാണ് കേരളത്തിന്റെ മുൻഗണനയിലുള്ളത്. ആദ്യ അഞ്ച് ദിവസം 2250 പേരെ വിമാനത്തിലെത്തിക്കുമെന്നാണ് അറിയുന്നത്. കേരളത്തിലേക്ക് ആകെ 80000 പേരെ എത്തിക്കുന്നതിനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്്. മുൻഗണനയനുസരിച്ച് കേരളം കണക്കാക്കിയത് 1,69,136 പേരെയാണ്. തിരിച്ചുവരാൻ 4.42 ലക്ഷം പ്രവാസി മലയാളികളാണ് രജിസ്റ്റർ ചെയ്തത്.
കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലാണ് വിമാനങ്ങളെത്തുക. കണ്ണൂർ വിമാനത്താവളത്തെ ഒഴിവാക്കിയിരിക്കുകയാണ്. കണ്ണൂർ വഴി എത്തുന്നതിന് 69,179 പേരാണ് രജിസ്റ്റർ ചെയ്തിരുന്നത്.