പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരെ അന്വേഷണത്തിന് ഗവർണറുടെ അനുമതി ലഭിച്ചതോടെ ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യാനൊരുങ്ങി വിജിലൻസ.്. സർക്കാർ അനുമതി രേഖാമൂലം ലഭിച്ചാൽ നോട്ടീസ് നൽകി ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യല്ലിനായി വിളിച്ചു വരുത്താനാണ് വിജിലൻസിന്റെ നീക്കം അറസ്റ്റ് ചെയ്യണോ അതോ പ്രതി ചേർത്ത് കോടതിയിൽ നേരിട്ട് റിപ്പോർട്ട് നൽകണോ എന്ന കാര്യത്തിൽ സർക്കാരിനോട് അഭിപ്രായം തേടിയ ശേഷമായിരിക്കും വിജിലൻസ് മുന്നോട്ട് പോവുക. പാലാരിവട്ടം മേൽപ്പാലം നിർമ്മാണത്തിൽ കരാറിന് വിരുദ്ധമായി 8.25 കോടി രൂപ കരാർ കമ്പനിയായ ആർഡിഎസ് പ്രോജക്ടിന് അനുവദിച്ചതിലും അതിന് പലിശ ഇളവ് അനുവദിക്കാൻ നിർദ്ദേശിച്ചതിലും ഇബ്രാഹിം കുഞ്ഞിന് വ്യക്തമായ പങ്കുണ്ടെന്നാണ് വിജിലൻസിൻറെ നിലപാട്. കേസിൽ അറസ്റ്റിലായ മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജ്, കരാർ കമ്പനി ഉടമ സുമിത് ഗോയൽ അടക്കമുള്ളവരുടെ മൊഴികളും, പൊതുമരാമത്ത് മന്ത്രി ആയിരിക്കെ ഇബ്രാഹിംകുഞ്ഞ് ഒപ്പിട്ടയച്ച ഫയലുകളുമാണ് തെളിവായി വിജിലൻസ് ശേഖരിച്ചിട്ടുള്ളത്. കരാറിലില്ലാത്ത പണം അഡ്വാൻസ് നൽകുന്നതിനെ ചില ഉദ്യോഗസ്ഥർ അന്ന് രേഖാമൂലം എതിർത്തെങ്കിലും തുക അനുവദിക്കാൻ മന്ത്രി നിർദ്ദശിക്കുകയായിരുന്നു. പലിശ ഇളവിലൂടെ എട്ട് കോടി രൂപ കരാർ കമ്പനിക്ക് നൽകിയത് വഴി 54 ലക്ഷം രൂപ ഖജനാവിന് നഷ്ടമായെന്ന് കൺട്രോളർ ആൻറ് ഓഡിറ്റർ ജനറലും കണ്ടെത്തിയിരുന്നു.അടുത്ത ആഴ്ച തന്നെ ചോദ്യം ചെയ്യൽ നടപടികളിലേക്ക് കടക്കാനാണ് വിജിലൻസിൻറെ നീക്കം. നിയമസഭാ സമ്മേളനം നടക്കുന്ന കാലത്താണെങ്കിൽ സ്പീക്കറുടെ അനുമതിയും വിജിലൻസിന് വാങ്ങേണ്ടി വരും. ഇതിനിടെ അഴിമതി സാധൂകരിക്കുന്ന രേഖകൾ വിജിലൻസിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.
ഇബ്രാഹിം കുഞ്ഞിനെതിരായ അന്വേഷണാനുമതി മുസ്ലീംലീഗിനും യുഡിഎഫിനും കനത്ത തിരിച്ചടിയാവും. എന്ന കാര്യത്തിൽ തർക്കമില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ നൽകുന്ന സൂചന. ടി.ഒ.സൂരജടക്കം പ്രതിസ്ഥാനത്തുള്ളവർ ഇതിനകം ഇബ്രാഹിം കുഞ്ഞിൻറെ പങ്ക് വിജിലൻസിനോട് സമ്മതിച്ച സാഹചര്യത്തിൽ വിജിലൻസ് പിടിമുറുക്കിയാൽ യുഡിഎഫ് നേതൃത്വത്തിന് ഇതിൻറെ ഉത്തരവാദിത്വം ഏൽക്കേണ്ടിവരും. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കേയാണ് ഇത്തരമൊരു അഴിമതി കേസിൽ ഉന്നതനേതാവ് കുടുങ്ങിയെന്നതും ശ്രദ്ധേയമാണ്. പഞ്ചായത്ത് തെരഞ്ഞെുടുപ്പിൻറെ ഒരുക്കങ്ങളിലേക്ക് പാർട്ടികൾ കടക്കുന്ന ഘട്ടത്തിലാണ് ഇത്തരമൊരു അഴിമതിക്കേസിൽ യുഡിഎഫിൻറെ ഉന്നതനേതാവുൾപ്പെടുന്നത് എന്നതാണ് തിരിച്ചടി. കൃത്യമായ തെളിവുള്ള കേസിൽ അറസ്റ്റിലേക്കും തുടർ നടപടികളിലേക്കും പോയാൽ പാലാരിവട്ടം അഴിമതി കേസ് വീണ്ടും സജീവ ചർച്ചയാകും.