ഇടുക്കി: മൂന്നാർ രാജമല പെട്ടിമുടിയിയിലുണ്ടായ മണ്ണിടിച്ചിലിൽ 15 പേർ മരിച്ചതായി റിപ്പോർട്ട്. ഔദ്യോഗികമായി ഒൻപത് മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. 16 പേരെ രക്ഷപ്പെടുത്തി. 78 പേരാണ് മണ്ണിടിച്ചിൽ നടക്കുമ്പോൾ നാല് ലയങ്ങളിലായി ഉണ്ടായിരുന്നത്. മറ്റുള്ളവർക്കായി തെരച്ചിൽ തുടരുകയാണ്. മോശം കാലാവസ്ഥയാണ് രക്ഷാപ്രവർത്തനത്തിന് പ്രധാന വെല്ലുവിളിയാകുന്നത്. അതിനാൽ രാത്രിയിൽ തിരച്ചിൽ തുടരാൻ കഴിയാത്തതിനാൽ നിർത്തിവച്ചു. ജെസിബിയുടെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം പുരോഗമിച്ചത്. നാല് ലയങ്ങൾ പൂർണമായും മണ്ണിനടിയിലാണ്.
മൂന്നാർ പെട്ടിമുടിയിൽ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് എൻഡിആർഎഫിന്റെ ആദ്യ സംഘം എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. പിന്നീട് തൃശൂരിൽ നിന്നുള്ള ഒരു സംഘംകൂടി ഇവിടേക്ക് എത്തി. ഇതിനുപുറമെ എറണാകുളത്ത് നിന്ന് ഫയർഫോഴ്‌സിന്റെ സ്‌പെഷ്യൽ ടീമിനെയും നിയോഗിച്ചിട്ടുണ്ട്. ഏലപ്പാറയിൽ നിന്ന് പുറപ്പെട്ട ടീമാണ് നിലവിൽ സ്ഥലത്ത് എത്തിയിരിക്കുന്നത്. ഇന്ന് പുലർച്ചെയാണ് രാജമലയുടെ ഭാഗമായുള്ള പെട്ടിമുടിയിൽ ഉരുൾപൊട്ടലിനെ തുടർന്ന് മണ്ണിടിയുന്നത്. എസ്റ്റേറ്റ് തൊഴിലാളികളുടെ ലയങ്ങൾക്ക് മുകളിലേക്കാണ് മണ്ണിടിഞ്ഞു വീണത്. പുറത്തെത്തിച്ചവരെ ടാറ്റ ജനറൽ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. അപകടത്തിൽപ്പെട്ടവർക്ക് ചികിത്സ ലഭ്യമാക്കാൻ പ്രത്യേക മൊബൈൽ മെഡിക്കൽ സംഘത്തെയും ഇതോടൊപ്പം 15 ആംബുലൻസുകളും സംഭവ സ്ഥലത്തേയ്ക്ക് അയച്ചിരുന്നു.