ജാപ്പനീസ് ആഡംബരക്കപ്പൽ ഡയമണ്ട് പ്രിൻസസ് ക്രൂയിസിലെ പത്ത് യാത്രക്കാർക്ക് കൊറോണ സ്ഥിരീകരിച്ച.തിനേ തുടർന്ന് കപ്പലിലെ നാലായിരത്തോളം സഞ്ചാരികളേയും ജീവനക്കാരേയും ക്വാറന്റൈൻ ചെയ്തു. ഹോങ്കോങ് തുറമുഖത്ത് കപ്പലിറങ്ങിയ യാത്രക്കാരന് കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്നാണ് കപ്പലിലുള്ള 273 പേരുടെ സാംപിളുകൾ പരിശോധിച്ചത്.കഴിഞ്ഞ മാസം ഇതേ കപ്പലിൽ യാത്രക്കാരനായിരുന്ന ഹോങ്കോങ് സ്വദേശിയായ എൺപതുകാരനാണ് വൈറസ് സ്ഥിരീകരിച്ചത്. യാത്രയ്ക്കിടെ ഇയാൾക്ക് രോഗലക്ഷണങ്ങളൊന്നും പ്രത്യക്ഷപ്പെട്ടിരുന്നില്ല. എന്നാൽ ജനുവരി 25ന് ഹോങ്കോങിൽ തിരിച്ചെത്തിയതിനു പിന്നാലെ ലക്ഷണങ്ങൾ പ്രകടമായതോടെ ഇയാൾ ആശുപത്രിയിലെത്തി പരിശോധന നടത്തുകയായിരുന്നു. ജപ്പാനിലെ യോക്കോഹാമ തുറമുഖത്ത് പിടിച്ചിട്ടിരിക്കുന്ന കപ്പലിലുള്ളവരെ പുറത്തിറങ്ങാൻ അനുവദിച്ചിട്ടില്ല. 3700 സഞ്ചാരികളും ജീവനക്കാരുമാണ് കപ്പലിലുള്ളത്. കപ്പലിലെ എല്ലാവരേയും പരിശോധനയ്ക്ക് വിധേയമാക്കുമെന് അധികൃതർ അറിയിച്ചു. 14 ദിവസത്തെ നിരീക്ഷണമാണ് കപ്പലിലെ യാത്രക്കാർക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. യോക്കോഹാമ തുറമുഖത്ത് പിടിച്ചിട്ടിരിക്കുന്ന കപ്പലിൽ നിന്നും കൊറോണ സ്ഥിരീകരിച്ചവരെ സ്ഥലത്തെ ആശുപത്രികളിലേക്ക് മാറ്റാനാണ് തീരുമാനമെന്നാണ് അധികൃതർ നൽകുന്ന സൂചന.