കൊച്ചി: രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നഗ്നശരീരത്തിൽ മക്കളെക്കൊണ്ട് ചിത്രം വരപ്പിക്കുകയും ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തകേസിൽ മുൻകൂർ ജാമ്യം തേടിയും തനിക്കെതിരായ പോക്സോ കേസ് നിലനിൽക്കില്ലെന്ന് വാദിച്ചുമാണ് രഹ്ന ഫാത്തിമ ഹൈക്കോടതിയെ സമീപിച്ചത്. ഐടി, പോക്‌സോ, ബാലനീതി നിയമങ്ങൾ പ്രകാരമാണ് രഹ്ന ഫാത്തിമക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് ഹൈക്കോടതി അറിയിച്ചു. രഹ്നയുടെ മുൻകാല ചെയ്തികൾ കണക്കിലെടുക്കണമെന്നും വിഷയം പോക്‌സോ കേസിന്റെ പരിധിയിൽ വരുമെന്നും സർക്കാർ കോടതിയിൽ ബോധിപ്പിച്ചു.
കഴിഞ്ഞ മാസമാണ് നഗ്‌ന വീഡിയോ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് രഹ്ന ഫാത്തിമയ്‌ക്കെതിരെ കേസെടുത്തത്. പോക്‌സോ ആക്ട് സെക്ഷൻ 13, 14, 15 എന്നിവയും ഐടി ആക്ട് പ്രകാരവുമാണ് കേസ് രജിസ്റ്റർ ചെയ്തത്. ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി എ.വി. അരുൺപ്രകാശ് നൽകിയ പരാതിയിലാണ് കേസ്. വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ രഹ്ന ഫാത്തിമയ്‌ക്കെതിരെ ക്രിമിനൽ നടപടിയെടുക്കാൻ സംസ്ഥാന ബാലാവകാശ കമ്മീഷൻ നേരത്തെ ഉത്തരവിട്ടിരുന്നു.