ഇടുക്കി: രാജമല പെട്ടിമുടിയിൽ നടന്ന മണ്ണൊലിച്ചിൽ അപകടത്തിൽപെട്ടവരിൽ മരണസംഖ്യ വർധിക്കുന്നു. സംഭവസ്ഥലത്ത് നിന്ന് ഇന്ന് രാവിലെ മുതൽ കണ്ടെത്തിയത് 16 മൃതദേഹങ്ങൾ കൂടിയാണ്. ഇതോടെ മരിച്ചവരുടെ എണ്ണം 42 ആയി ഉയർന്നിരിക്കുന്നു. ഇനി 28 പേരെയാണ് കണ്ടെത്താനുള്ളത്. ഇതിൽ 17 പേരും കുട്ടികളാണ്. അതേസമയം അവശേഷിക്കുന്നവരെ കണ്ടെത്താനായി കഠിന പരിശ്രമം തുടരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രക്ഷാപ്രവർത്തനങ്ങൾക്കാവശ്യമായ സംവിധാനങ്ങൾ എല്ലാം സർക്കാർ ഉറപ്പു വരുത്തിയിട്ടുണ്ട്. 57 പേരടങ്ങുന്ന രണ്ട് എൻഡിആർഎഫ് ടീമും, പ്രത്യേക പരിശീലനം നേടിയ 50 അംഗ ടീമും, കോട്ടയത്തു നിന്ന് 24 അംഗ ടീമും, തിരുവനന്തപുരത്ത് നിന്നും 27 അംഗ ടീമും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
കേരള ആംഡ് പോലീസിന്റെ 105 അംഗങ്ങളും, ലോക്കൽ പോലീസിന്റെ 21 അംഗങ്ങളും, ദ്രുതകർമ്മ സേനയുടെ 10 അംഗങ്ങളും സംഭവ സ്ഥലത്ത് ഉണ്ട്. ആരോഗ്യ വകുപ്പിന്റെയും, റവന്യൂ വകുപ്പിന്റെയും ആവശ്യമായ സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രക്ഷാദൗത്യത്തിൽ സഹായിക്കാൻ തിരുവനന്തപുരത്ത് നിന്നുള്ള അഗ്‌നിശമനസേനയുടെ അമ്പതംഗ സംഘവും എത്തിയിട്ടുണ്ട്.