കുവൈത്തില്‍ നിന്ന് മലപ്പുറം ജില്ലയില്‍ തിരിച്ചെത്തിയ അമ്മക്കും മകനും കോവിഡ് 19 സ്ഥിരീകരിച്ചു. മെയ് ഒമ്പതിന് കുവൈത്തില്‍ നിന്ന് കൊച്ചി വഴി ജില്ലയിലെത്തിയ തിരൂര്‍ ബി.പി. അങ്ങാടി സ്വദേശി 27 കാരിയായ ഗര്‍ഭിണിയ്ക്കും ഇവരുടെ മൂന്ന് വയസ്സുള്ള മകനുമാണ് രോഗബാധയെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. ഇവര്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതോടെ ഗള്‍ഫില്‍ നിന്ന് സംസ്ഥാനത്ത് തിരിച്ചെത്തി കോവിഡ് സ്ഥിരീകരിച്ച മലപ്പുറം സ്വദേശികളുടെ എണ്ണം ആറായി.
കുവൈത്തിലെ അബ്ബാസിയയില്‍ ഭര്‍ത്താവിനും ഭര്‍ത്തൃ പിതാവിനുമൊപ്പമായിരുന്നു ഇപ്പോള്‍ രോഗം സ്ഥിരീകരിച്ച തിരൂര്‍ ബി.പി. അങ്ങാടി സ്വദേശി 27 കാരിയും മകനും. ഏപ്രില്‍ 30 ന് കോവിഡ് സ്ഥിരീകരിച്ച് ഇവരുടെ ഭര്‍ത്തൃ പിതാവ് കുവൈത്തില്‍ ചികിത്സയിലായിരുന്നു. തുടര്‍ന്ന് മെയ് ഏഴിന് ഇവര്‍ക്കും ഭര്‍ത്താവിനും മകനും കോവിഡ് പരിശോധന നടത്തി. ഗര്‍ഭിണിയായതിനാല്‍ മൂന്ന് വയസുകാരനായ മകനൊപ്പം മെയ് ഒമ്പതിന് രാത്രി 9.30 ന് ഐ.എക്സ് – 396 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി. വിമാനത്താവളത്തിലെ പരിശോധനകളില്‍ കാര്യമായ ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലാത്തതിനെ തുടര്‍ന്ന് രാത്രി 11.30 ന് വീട്ടില്‍ നിന്നെത്തിയ ഭര്‍ത്തൃ മാതാവിനും ഭര്‍ത്തൃ സഹോദരനുമൊപ്പം സ്വന്തം കാറില്‍ വീട്ടിലേയ്ക്ക് മടങ്ങി. ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം വീട്ടില്‍ പ്രത്യേക നിരീക്ഷണം ആരംഭിച്ചു.
കുവൈത്തില്‍ നടത്തിയ പരിശോധനയില്‍ ഇരുവര്‍ക്കും കോവിഡ് ബാധയുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ഏപ്രില്‍ 11 ന് ആരോഗ്യ വകുപ്പുമായി ഫോണില്‍ ബന്ധപ്പെട്ടു. തുടര്‍ന്ന് ഇരുവരേയും പ്രത്യേകം ഏര്‍പ്പെടുത്തിയ 108 ആംബുലന്‍സില്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ച് സാമ്പിളെടുത്ത് പരിശോധനയ്ക്ക് അയച്ചു. ഇന്നലെ അമ്മയ്ക്കും മകനും രോഗബാധ സ്ഥിരീകരിച്ചു. വൈറസ് ബാധിതര്‍ ഗര്‍ഭിണിയും മൂന്ന് വയസ്സുകാരനുമായതിനാല് പ്രത്യേക പരിചരണവും ചികിത്സയുമാണ് ആശുപത്രിയില്‍ നല്‍കുന്നതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇവരുമായി നേരിട്ട് സമ്പര്‍ക്കമുണ്ടായ ഭര്‍ത്തൃ മാതാവ്, ഭര്‍ത്തൃ സഹോദരന് എന്നിവരേയും കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തിലെത്തിച്ച് പ്രത്യേക നിരീക്ഷണം ആരംഭിച്ചിട്ടുണ്ട്.