റംസാൻ വിഭവങ്ങളിൽ സ്‌പെഷലാകാൻ മീൻ ബിരിയാണി ട്രൈ ചെയ്താലോ…

റംസാൻ സ്‌പെഷ്യൽ ആകണമെങ്കിൽ ബിരിയാണീന്റെ രുചി അസ്സലാകണം. ബിരിയാണി മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട ഭക്ഷണമാണെങ്കിലും മീൻ ബിരിയാണിന്റെ സ്വാദ് ഒന്നു വേറെതന്നെയാണേ…


ആവശ്യമുള്ള സാധനങ്ങൾ

ബിരിയാണി അരി- ഒരു കിലോ

നെയ്യ്-100 ഗ്രാം ആവോലി

സവാള – അര കിലോ

തക്കാളി- നാലെണ്ണം

വെളുത്തുള്ളി- ഒന്ന്

ഇഞ്ചി- മൂന്ന് കഷ്ണം

പച്ചമുളക്- ആറെണ്ണം

കറിവേപ്പില- നാല് തണ്ട്

മുളക് പൊടി

മഞ്ഞൾപ്പൊടി

കുരുമുളക് പൊടി

ബിരിയാണി മസാല

നാരങ്ങ നീര് തൈര്

കശുവണ്ടി, ഉണക്കമുന്തിരി

സൺഫ്‌ലവർ ഓയിൽ

മല്ലിയില , പുതിനയില

ഗ്രാമ്പൂ ,ഏലക്ക , കറുവപ്പട്ട

സവാള കനം കുറച്ച് നെയ്യിൽ വഴറ്റിയത്

തയ്യാറാക്കുന്ന വിധം

അരി നന്നായി കഴുകിയെടുക്കുക.

ഒരു കപ്പ് അരിക്ക് ഒന്നര കപ്പ് വെള്ളം എന്ന അളവിൽ വേണം കുക്കറിൽ അരി വെക്കാൻ. കുക്കറിൽ നെയ്യും ഒരു ടേബിൾ സ്പൂൺ ഉപ്പും വെള്ളവും ഒഴിച്ച് തിളപ്പിക്കുക. ഇതിലേക്ക് ഗ്രാമ്പൂ, ഏലക്ക, കറുവപ്പട്ട എന്നിവയും ചേർക്കണം. വെള്ളം തിളച്ച് കഴിഞ്ഞാൽ അതിലേക്ക് അരി ഇട്ട് മൂടി വെക്കുക. വിസിൽ വരുന്നതിനു മുൻപ് തീ അണക്കാൻ ശ്രമിക്കണം.

അൽപസമയം കഴിഞ്ഞതിനു ശേഷം മാത്രം കുക്കറിന്റെ മൂടി തുറക്കാം. മീൻ ചെറിയ കഷ്ണങ്ങളാക്കി രണ്ട് ടേബിൾ സ്പൂൺ മുളക് പൊടി, ഒരു ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടേബിൾ സ്പൂൺ ഉപ്പ് എന്നിവ ചേർത്ത് പതിനഞ്ച് മിനിട്ട് വെക്കാം. അൽപസമയത്തിനു ശേഷം പകുതി വേവിൽ മീൻ വറുത്ത് കോരാം.

വെളുത്തുള്ളി,ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചതച്ചെടുക്കാം. ഒരു പാനിൽ എണ്ണ ഒഴിച്ച് വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചതച്ചത് ചേർത്ത് വഴറ്റിയെടുക്കാം. ഇതിലേക്ക് പിന്നീട് സവാള ചേർത്ത് വഴറ്റാം. സവാള ചേർത്ത് കഴിഞ്ഞ് അഞ്ച് മിനിട്ടിനു ശേഷം തക്കാളി ചേർക്കാം. പിന്നീട് ഒരു ടേബിൾ സ്പൂൺ മുളക് പൊടി, അര ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടേബിൾ സ്പൂൺ ഉപ്പ്, കാൽ ടേബിൾ സ്പൂൺ കുരുമുളക് പൊടി, ഒരു ടേബിൾ സ്പൂൺ ഗരം മസാലപ്പൊടി എന്നിവ ചേർത്ത് ഇവയെല്ലാം കൂടി വഴറ്റിയെടുക്കാം.

പിന്നീട് വറുത്തു കോരി വെച്ച മീൻ ഈ ചട്ടിയിലേക്ക് ചേർക്കാം. താഴെ നിന്നും മസാല മീനിന്റെ മുകളിൽ കോരിയിടാം. ശേഷം ഇതിനു മുകളിലേക്ക് അൽപം നാരങ്ങയുടെ നീരും അൽപം പുതിന, മല്ലിയില എന്നിവയും ചേർത്ത് അടച്ച് വെയ്ക്കാം. ഇതിനു മുകളിൽ വേവിച്ച് വെച്ച ചോറ് നിരത്തിയിടാം. അതിനു മുകളിലായി കശുവണ്ടിപ്പരിപ്പും, ഉണക്കമുന്തിരിയും വറുത്തെടുത്തത് നിരത്തിയിടാം. ശേഷം അൽപം പുതിന, മല്ലിയില എന്നിവയും നിരത്തിയിടാം. വീണ്ടും ഇതിന് മുകളിലായി അൽപം കൂടി ചോറ് നിരത്തിയിടാം. ശേഷം അൽപം ഗരം മസാലപ്പൊടി, സവാള എന്നിവയും കൂടി നെയ്യിൽ വറുത്ത് ഇടുക. പിന്നീട് 10 മിനിട്ട് ചെറിയ തീയ്യിൽ വേവിക്കാം. ശേഷം അരമണിക്കൂർ കഴിഞ്ഞ് വിളമ്പാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *