അർണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവി നിരോധിക്കണമെന്നാശ്യപ്പെട്ട് കോൺഗ്രസ് പാർട്ടിയിലെ രണ്ടംഗങ്ങൾ സമർപ്പിച്ച ഹർജിക്ക് വിധി പറയാൻ വിസമ്മതിച്ച് മുംബൈ ഹൈക്കോടതി.
പാൽഘർ ആൾക്കൂട്ടകൊലയെ സംബന്ധിച്ചുള്ള കാര്യങ്ങൾ സംപ്രേഷണം ചെയ്യുമ്പോൾ അതിൽ റിപ്പബ്ലിക് ടിവി വർഗീയത കലർത്തിയെന്നാണ് ഹർജിക്കാരുടെ വാദം. എന്നാൽ ഇക്കാര്യം ഇപ്പോൾ സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും ഹർജിക്കാർക്ക് ആവശ്യമെങ്കിൽ ഇടക്കാല ആശ്വാസത്തിനായി സുപ്രീം കോടതിയെ സമീപിക്കാമെന്നും മുംബൈ ഹൈക്കോടതി നിർദ്ദേശിക്കുകയായിരുന്നു.
നിലവിൽ മുംബൈ പോലീസ് അന്വേഷണത്തിലുള്ള കേസാണിത്. ഈ സാഹചര്യത്തിൽ സുപ്രീം കോടതി അർണബിന് കോടതി വിധി വരുന്നതുവരെ അറസ്റ്റിൽ നിന്നുള്ള സംരക്ഷണവും അനുവദിച്ചിട്ടുണ്ട്. ആയതിനാൽ ഹൈക്കോടതിക്ക് ഇപ്പോൾ സമർപ്പിച്ച ഹർജിയിൽ ഒരു വിധി പുറപ്പെടുവിക്കാൻ കഴിയില്ലെന്നാണ് മുംബൈ ഹൈക്കോടതി പറഞ്ഞത്. ജസ്റ്റിസ് പ്രിത്വിരാജ് ചവാനായിരുന്നു ഹർജിയിൽ വാദം കേട്ടത്. ഹർജിക്കാർക്ക് വേണ്ടി അഡ്വാ: രാഹുൽ കാമേർക്കർ കോടതിയിൽ ഹാജരായി.