ആലപ്പുഴ: അടുത്തദിവസങ്ങളില്‍ ട്രെയിനുകളില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ ആളുകള്‍ തിരിച്ചെത്തുന്ന സാഹചര്യത്തില്‍ ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെ ക്രമീകരണങ്ങള്‍ സുസജ്ജവും സുഗമവുമാണെന്ന് ഉറപ്പാക്കാന്‍ ജില്ല ഭരണകൂടം വിവിധ വകുപ്പുകളുടെ സഹകരണത്തോടെ മോക്ക് ഡ്രില്‍ നടത്തി. രോഗലക്ഷണമുള്ളവര്‍ക്കും അല്ലാത്തവര്‍ക്കുമായി ട്രെയിനിറങ്ങി സ്റ്റേഷന് വിടുംവരെ ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങളാണ് മോക്ഡ്രില്ലിലൂടെ ആവിഷ്കരിച്ചത്.
ട്രെയിനില്‍ വന്നിറങ്ങുന്ന യാത്രക്കാര്‍ക്ക് മൈക്കിലൂടെ യഥാസമയം നിര്‍ദേശങ്ങള്‍ നല്കിക്കൊണ്ടിരിക്കും. റെയില്‍വേ പൊലീസ്, സംസ്ഥാന പോലീസ് ,ആരോഗ്യ പ്രവര്‍ത്തകര്‍, ഫയര്‍ ഫോഴ്സ്, എ ഡി ആര് എഫ് അംഗങ്ങള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പി പി ഇ തുടങ്ങിയ സുരക്ഷാക്രമീകരണങ്ങളോടെ സേവനമൊരുക്കാന്‍ രംഗത്തുണ്ടാകും.
സ്റ്റേഷനില്‍ ഇറങ്ങിയവര്‍ പ്ലാറ്റ്ഫോമില്‍ രേഖപ്പെടുത്തിയ വെളുത്ത വരകളില്‍ സാമൂഹ്യ അകലം പാലിച്ച് നില്‍ക്കണം. തുടര്‍ന്ന് ഇവര്‍ നിര്‍ദേശിക്കുന്ന വശങ്ങളിലായി ലഗേജുകള്‍ വയ്ക്കണം. ഉടന്‍ ഫയര്‍ ഫോഴ്സ്,എ ഡി ആര് എഫ് അംഗങ്ങളെത്തി അവ അണുവിമുക്തമാക്കും.
ചുമ, പനി, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ വെള്ള വരകളില്‍ നിന്ന് മാറി സമീപം രേഖപ്പടുത്തിയ ചുവപ്പ് വരയില്‍ നിലയുറപ്പിക്കണം. തുടര്‍ന്ന് ഇവര്‍ നിര്‍ദേശാനുസൃതം മുന്നോട്ടുനീങ്ങി മെഡിക്കല്‍ കൗണ്ടറില്‍ പ്രാഥമിക പരിശോധനയ്ക്ക് വിധേയരാകണം. ഡോക്ടര്‍,ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍,നഴ്സുമാര്‍ എന്നിവരുള്‍പ്പെടെ ആരോഗ്യ പ്രവര്‍ത്തകര്‍ കൗണ്ടറില്‍ സുസജ്ജരായുണ്ടാകും. ചുവപ്പു വരയിലൂടെ വന്നവരെ തുടര്‍ന്ന് സ്റ്റേഷനു മുന്നില്‍ ഒരുക്കിനിര്‍ത്തിയ ആംബുലന്‍സിലേക്ക് പ്രവേശിപ്പിക്കും.
രോഗലക്ഷണമില്ലാത്ത, വെളുത്ത വരയില്‍ നിലയുറപ്പിച്ചവര്‍ സ്റ്റേഷനില്‍ ഒരുക്കിയ ഒന്ന് (എ),ഒന്ന് (ബി) കൗണ്ടറുകളിലേക്ക് നിര്‍ദേശാനുസരണം എത്തി കൈകള്‍ അണുവിമുക്തമാക്കി , പനിയുണ്ടോയെന്നറിയാന്‍ തെര്‍മല്‍ സ്ക്രീനിങ്ങിന് വിധേയരാകണം. ഈ കൗണ്ടറുകളില്‍ നിന്ന് മാര്ഗനിര്ദേശങ്ങളുംലഭ്യമാകും.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് തിരിച്ചെത്തുന്നവര്‍ കോവിഡ് – 19 ജാഗ്രത വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നേരത്തെ തന്നെ സര്‍ക്കാര്‍ നിര്‍ദ്ദേശം ഉണ്ട്. റെയില്‍വേ സ്റ്റേഷനു പുറത്ത് പന്തലിട്ട്, എത്തിയവര്‍ക്ക് വിശ്രമിക്കാനുള്ള സ്ഥലവും ഒരുക്കിയിട്ടുണ്ട്. പന്തലില്‍ ഇരിപ്പിടങ്ങള്‍ സാമൂഹിക അകലം പാലിച്ചു, ജില്ലതിരിച്ച് ഒരുക്കിയിരിക്കും.
സ്റ്റേഷനില്‍നിന്ന് സ്വന്തം വാഹനത്തിലോ, പ്രത്യേക സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസ്സിലോ വീട്ടിലേക്ക് പോകാം. സ്റ്റേഷനില്‍ നിന്ന് പുറത്തിറങ്ങുന്ന യാത്രക്കാരെ സ്റ്റേഷന് മുന്‍വശത്ത് പാര്‍ക്ക് ചെയ്ത കെ എസ് ആര് ടി സി ബസുകളിലേക്ക് പ്രവേശിപ്പിക്കും. ഇതും സാമൂഹിക അകലം പാലിച്ചു കൊണ്ടായിരിക്കും. മൈക്കിലൂടെ അറിയിക്കുന്ന ക്രമത്തിനനുസരിച്ചാകും ബസുകളിലേക്കുള്ള പ്രവേശനം. യാത്രക്കാരെ കൂട്ടിക്കൊണ്ടുപോകാന്‍ വരുന്ന സ്വകാര്യ വാഹനങ്ങളില്‍ ഡ്രൈവര്‍ മാത്രമേ പാടുള്ളൂ. ഈ വാഹനങ്ങള്‍ക്കുള്ള, മേഖല തിരിച്ചുള്ള പാര്‍ക്കിംഗ് സൗകര്യവും ,നേരത്തെ തന്നെ നിശ്ചയിച്ച് നല്‍കും.