കോഴിക്കോട്: ആഢംബരത്തിന്റെ അവസാനവാക്കായ റോൾസ് റോയ്സ് കാറിൽ ഒന്നു ചുറ്റിയടിക്കുന്നത് സ്വപന്ം കാണാത്തവരായി ആരുണ്ട്. വൻകിടബിസിനസുകാരുടേയും സിനിമതാരങ്ങളുടേയും സ്വകാര്യ അഹങ്കാരമായ ഈ വാഹനം ടാക്സിയായി അവതരിപ്പിച്ചിരിക്കുകയാണ് ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ഗ്രൂപ്പ്. ഇനി ഈ രാജകീയയാത്രയ്ക്ക് പോക്കറ്റ് കാലിയാകുമെന്ന പേടിയും വേണ്ട. ഒരു റോൾസ് റോയ്സ് കുറച്ചു സമയത്തേക്ക് വാടകക്കെടുക്കാൻ ലക്ഷങ്ങളായിരുന്നു ഇതുവരെ ചിലവഴിച്ചിരുന്നത്. പക്ഷെ വെറും 25,000 രൂപയ്ക്ക് രണ്ടു ദിവസത്തേക്ക് 300 കിലോമീറ്റർവരെ യാത്രചെയ്യാം, രാജാവിനെപ്പോലെ..
ടൂറിസം രംഗത്ത് കുറഞ്ഞചിലവിൽ മികച്ച സൗകര്യങ്ങൾ ആവിഷ്കരിക്കുന്നതിന്റെ ഭാഗമായാണ് ബോബി ഇന്റർനാഷണൽ ഗ്രൂപ്പിന്റെ പുതിയ ചുവടുവയ്പ്. ജീവിതത്തിൽ ഇതുവരെ ഒരു റോൾസ് റോയിസിൽ യാത്ര ചെയ്യാത്ത സാധാരണക്കാർക്ക് വൻ തുക മുടക്കാതെ ആഢംബര യാത്ര ആസ്വദിക്കാനുള്ള അവസരമൊരുക്കുകയാണ് ബോബി ചെമ്മണ്ണൂർ. ബോബി ടൂർസ് ആൻഡ് ട്രാവൽസ് 14 കോടി രൂപ മുലൽമുടക്കിലാണ് റോൾസ്-റോയ്സ് ഫാന്റം ഇ.ഡബ്ള്യു.ബി മോഡൽ കാർ ടാക്സി സർവീസ് നടത്തുന്നത്. ഗ്രൂപ്പിന്റെ കീഴിലെ ഓക്സിജൻ റിസോർട്ടിന്റെ പാക്കേജിലുള്ള യാത്രയുടെ ഭാഗയാണ് കേരളത്തിലെ ആദ്യത്തെ റോൾസ് റോയിസ് ടാക്സി എത്തിച്ചിരിക്കുന്നത്. കൂടാതെ, രണ്ടുദിവസം ബോബി ഓക്സിജൻ റിസോർട്സിന്റെ 28 റിസോർട്ടുകളിലൊന്നിൽ സൗജന്യമായി താമസിക്കുകയും ചെയ്യാം. ബോബി ഓക്സിജൻ റിസോർട്സ് ടൈംഷെയർ മെമ്ബർഷിപ്പ് എടുക്കുന്നവർക്ക് റോൾസ്-റോയ്സ് ടാക്സിയിൽ സൗജന്യ യാത്രയ്ക്ക് അവസരം ലഭിക്കും.
ഒരു പ്രത്യേക പ്ലാറ്റ്ഫോമിലാണ് ഫാന്റം നിർമ്മിച്ചിരിക്കുന്നത്. ബോഡി, പെയിന്റ്, മരപ്പണികൾ, തുകൽ ജോലികൾ എന്നിവയുൾപ്പെടെയുള്ള അന്തിമ അസംബ്ലി വെസ്റ്റ് സസെക്സിലെ ഗുഡ് വുഡിലുള്ള റോൾസ് റോയ്സ് പ്ലാന്റിൽ ഓരോ ഉപഭോക്താവിന്റെയും വ്യക്തിഗത ആവശ്യങ്ങൾക്ക് അനുസൃതമായാണ് പൂർത്തിയാക്കുന്നത്. അലുമിനിയം സ്പേസ്ഫ്രെയിം നിർമ്മിക്കാൻ ഉപയോഗിക്കുന്ന അലുമിനിയം എക്സ്ട്രൂഷനുകൾ ജലവൈദ്യുതി ഉപയോഗിച്ച് നോർവേയിൽ ഉൽപാദിപ്പിക്കുകയും ഡെൻമാർക്കിൽ ഷേപ്പ് ചെയ്യുകയും അവസാനം ജർമ്മനിയിൽ കൈകൊണ്ട് വെൽഡ് ചെയ്യുകയും ചെയ്യുകയാണ്.1630 മില്ലി മീറ്റർ ഉയരം, 1990 മില്ലി മീറ്റർ വീതി, 5830 മില്ലി മീറ്റർ നീളം ആണ് ഫാന്റത്തിന്റെ ബാഹ്യ അളവുകൾ. 2,485 കിലോഗ്രാം ഭാരമുള്ള വാഹനത്തിന് 5.9 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. പരമാവധി വേഗം മണിക്കൂറിൽ 250 കിലോമീറ്റർ.6.75 ലിറ്റർ ട്വിൻ ടർബോ ചാർജ്ഡ് വി 12 എൻജിനാണിതിന്റേത്.