തിരുവനന്തപുരം: വടക്കാഞ്ചേരിയിൽ ലൈഫ് മിഷൻ പദ്ധതി പ്രകാരം ഫ്ളാറ്റ് നിർമിക്കുന്നതിന് കരാർ ശരിപ്പെടുത്തി നൽകുന്നതിന് ഏറ്റെടുത്ത യൂനിടാക് എന്ന സ്ഥാപനത്തോട് സ്വപ്ന സുരേഷ് കമ്മീഷനായി ആവശ്യപ്പെട്ടത് നാലുകോടി രൂപയാണെന്ന് വിവരം ലഭിച്ചു. പദ്ധതിയുടെ പത്തുശതമാനം കമീഷൻ വേണമെന്ന സ്വപ്നയുടെ ആവശ്യപ്രകാരം ഇതിന്റെ അടിസ്ഥാനത്തിൽ 3.78 കോടി രൂപ ഇതിനകം നിർമാണക്കമ്പനി കമീഷനായി നൽകിയിട്ടുണ്ടെന്നാണ് ദേശീയ അന്വേഷണ ഏജൻസിക്ക് ലഭിച്ചിരിക്കുന്ന വിവരം.
നിർമാണക്കരാർ ഏൽപിച്ചുനൽകിയതിന് ഒരുകോടി രൂപ ലഭിച്ചിട്ടുണ്ടെന്നാണ് സ്വപ്നാ സുരേഷിന്റെ വെളിപ്പെടുത്തൽ. ഈ പണമാണ് ബാങ്ക് ലോക്കറിൽനിന്ന് എൻ.ഐ.എ പിടിച്ചെടുത്തതെന്നും അവർ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ അതിനുപുറമെ പണം ഡോളറാക്കി മാറ്റിയതിലും ദുരൂഹതയുണ്ട്. ആർക്കൊക്കെ വേണ്ടിയാണ് സ്വപ്ന ഈ പണം ആവശ്യപ്പെട്ടതെന്നത് സംബന്ധിച്ചും എൻ.ഐ.എ അന്വേഷണം ആരംഭിച്ചു.