ലോക്ഡൗൺ നീക്കുന്നതിനെതിരെ ലോകോരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

ജനീവ: കൊറോണവൈറസ് വ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയിരുന്ന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി നീക്കുന്നതിനിടെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ലോക്ക്ഡൗണിൽ നിന്നുള്ള പരിവർത്തനം രാജ്യങ്ങൾ ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്തില്ലെങ്കിൽ അത് ഗുരുതരമായ സ്ഥിതിയുണ്ടാക്കുമെന്നും ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അധനോം മുന്നറിയിപ്പ് നൽകി.
രോഗം വ്യാപിക്കുന്നത് പരിശോധിക്കാൻ രാജ്യങ്ങൾ മതിയായ ട്രാക്കിങ് സംവിധാനങ്ങളും ക്വാറന്റൈൻ വ്യവസ്ഥകളും ഏർപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യാത്രാ നിയന്ത്രണങ്ങളും മറ്റ് വൈറസ് നിയന്ത്രണ നടപടികളും നീക്കം ചെയ്യുന്നതിനുമുമ്പ് രാജ്യങ്ങൾ നിരീക്ഷണ നിയന്ത്രണ പരിപാടികൾ നടത്തുകയും ആരോഗ്യ സംവിധാനത്തിന്റെ കാര്യക്ഷമത ഉറപ്പാക്കുകയും വേണം. ശക്തമായ ആരോഗ്യസുരക്ഷ സംവിധാനങ്ങളില്ലാതെ പകർച്ചവ്യാധി ക്ഷയിച്ചതിന് ശേഷം സാധാരണ നിലയിലേക്ക് മടങ്ങുന്നത് ബുദ്ധിമുട്ടേറിയതാണെന്നും ടെഡ്രോസ് പറഞ്ഞു.

ലോക്ക്ഡൗൺ നടപടികൾ വളരെ വേഗത്തിൽ എടുത്തുകളഞ്ഞാൽ വൈറസ് വ്യാപനം കുതിച്ചുയരുമെന്ന് ലോകാരോഗ്യ സംഘടനയുടെ എപ്പിഡെമിയോളജിസ്റ്റ് മരിയ വാൻ കെർകോവ് അഭിപ്രായപ്പെട്ടു. ഇന്ത്യ, ജർമനി, സ്‌പെയിൻ, ഇറ്റലി തുടങ്ങിയ രാജ്യങ്ങൾ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീക്കിതുടങ്ങിയിട്ടുണ്ട്.രാജ്യം വീണ്ടും തുറക്കാനുള്ള സന്നദ്ധത യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഡബ്ല്യു.എച്ച്.ഒയുടെ മുന്നറിയിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *