ഗ്രീൻ സോണുകളിൽ കടകളുടെ പ്രവർത്തന സമയം രാവിലെ ഏഴു മുതൽ രാത്രി 7.30 വരെ ആയിരിക്കും. അകലം സംബന്ധിച്ച നിബന്ധനകൾ പാലിക്കണം. ഇത് ആഴ്ചയിൽ ആറു ദിവസം അനുവദിക്കാം. ഓറഞ്ച് സോണുകളിൽ നിലവിലെ സ്ഥിതി തുടരും. ഞായറാഴ്ച ദിവസങ്ങളിൽ എല്ലാ സോണുകളിലും പൂർണ ലോക്ക്ഡൗണായിരിക്കും. ഈ ദിവസം അനുവദനീയമായ കാര്യങ്ങൾ സംബന്ധിച്ച് പ്രത്യേക നിർദേശങ്ങൾ പുറപ്പെടുവിക്കും.
ഗ്രീൻ സോണുകളിലെ സേവന മേഖലയിലെ സ്ഥാപനങ്ങൾ ആഴ്ചയിൽ മൂന്നു ദിവസം പരമാവധി 50 ശതമാനം ജീവനക്കാരുടെ സേവനം ഉപയോഗിച്ച് പ്രവർത്തിക്കാം. ഓറഞ്ച് സോണുകളിൽ നിലവിലെ സ്ഥിതി തുടരും.
ഹോട്ട് സ്‌പോട്ടുകൾ ഒഴികെയുള്ള സ്ഥലങ്ങളിൽ ഹോട്ടൽ, റസ്റ്റാറന്റുകൾക്ക് പാഴ്‌സലുകൾ നൽകാനായി തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കും. നിലവിലുള്ള സമയക്രമം പാലിക്കണം.
ഷോപ്‌സ് ആൻറ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിൽ രജിസ്റ്റർ ചെയ്യപ്പെട്ട സ്ഥാപനങ്ങൾക്ക് നിലവിലെ സ്ഥിതി തുടരാം. ഒന്നിലധികം നിലകളില്ലാത്ത ചെറുകിട ടെക്സ്റ്റയിൽ സ്ഥാപനങ്ങൾ അഞ്ചിൽ താഴെ ജീവനക്കാരുടെ സേവനത്തോടെ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കും. ഇളവുകൾ ഗ്രീൻ/ ഓറഞ്ച് സോണുകൾക്ക് മാത്രം ബാധകമാണ്.
ഗ്രീൻ/ ഓറഞ്ച് സോണുകളിൽ നിലവിൽ പുറപ്പെടുവിച്ച ഉത്തരവുകളിൽ അനുവദിക്കപ്പെട്ട പ്രവർത്തനങ്ങൾ ഹോട്ട്‌സ്‌പോട്ടുകൾ ഒഴികെയുള്ള സ്ഥലങ്ങളിൽ തുടർന്നും പ്രവർത്തിക്കാം.
ഓരോ പ്രദേശത്തിന്റെയും സവിശേഷതകൾ മനസ്സിലാക്കി, പ്രാദേശിക ഭേദഗതികൾ സംബന്ധിച്ച നിർദ്ദേശങ്ങൾ ജില്ലാ ഭരണകൂടം പരിഗണിച്ച് ജില്ലാ കളക്ടർ, ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് ശിപാർശ സമർപ്പിക്കണം. സംസ്ഥാനതലത്തിൽ ചീഫ് സെക്രട്ടറി, ആഭ്യന്തര-ധനകാര്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിമാർ, റവന്യൂ-തദ്ദേശ-ആരോഗ്യ-ഐ.ടി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിമാർ എന്നിവരടങ്ങുന്ന ഉന്നതതല സമിതി ഈ ശിപാർശകൾ പരിശോധിച്ച് ഉത്തരവ് പുറപ്പെടുവിക്കേണം. ഇത്തരത്തിൽ പൊതുവായ സമീപനത്തിൽ നിന്നുകൊണ്ട് ആവശ്യമായ പ്രാദേശിക ഭേദഗതികൾ മാനുഷികപരിഗണന കൂടി കണക്കിലെടുത്ത് വേണം ജില്ലാ കളക്ടർമാർ തയാറാക്കേണ്ടതെന്ന് ഉത്തരവിൽ പറയുന്നു.