വാക് യുദ്ധം തടയാൻ നിയമം വേണം: ഹൈക്കോടതി

സമൂഹ മാധ്യമങ്ങളിലൂടെയുള്ള വാക് യുദ്ധങ്ങളും ഏറ്റുമുട്ടലുകളും അവസാനിപ്പിക്കാൻ സർക്കാർ നിയമ നിർമാണം കൊണ്ടുവരണമെന്ന് ഹൈക്കോടതി. സമൂഹ മാധ്യമങ്ങളിലൂടെയുള്ള വാഗ്യുദ്ധങ്ങൾ വർധിച്ചുവരുകയാണെന്നും ഇത് നിയമവാഴ്ചയെ തകിടം മറിക്കുമെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ വിലയിരുത്തി. സമൂഹമാധ്യമങ്ങളിലൂടെ വർഗീയ പരാമർശവും അസഭ്യവർഷവും നടത്തിയ ‘നമോ ടി വി’ അവതാരകയ്ക്കെതിരെയായിരുന്നു കോടതിയുടെ പരാമർശം. ചാനലിനെ വിമർശിച്ചതിനെതിരെ നമോ ടിവിയിലൂടെ ഇവർ അസഭ്യവർഷം നടത്തിയിരുന്നു. ഇത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയായിരുന്നു.
ഒരാൾ അപകീർത്തികരമോ അശ്ലീലമോ ആയ ഒരു പോസ്റ്റിട്ടാൽ അതിനെതിരെ പൊലീസിനെ സമീപിക്കാതെ അതെ രീതിയിൽ പ്രതികരിക്കുന്ന രീതി അനന്തമായി തുടരുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത്തരം സാഹചര്യങ്ങളിൽ പൊലീസ് ജാഗരൂകരാകണമെന്നും നിലവിലെ നിയമങ്ങൾ പ്രകാരം നടപടി സ്വീകരിക്കണമെന്നും കോടതി പറഞ്ഞു. അശ്ലീല പരാമർശം നടത്തിയെന്ന കേസിൽ അവതാരക ശ്രീജ പ്രസാദ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് കോടതി ഉത്തരവ്. പ്രതിനടത്തിയ പരാമർശങ്ങൾ നീതികരിക്കാനാവില്ലെന്നും കോടതി വിലയിരുത്തി. ഉത്തരവിന്റെ പകർപ്പ് ചീഫ് സെക്രട്ടറി അയച്ചു നൽകണമെന്നും കോടതി നിർദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *