വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ് നിർമ്മാണ പുരോഗതി വിലയിരുത്തി മേയർ അജിത ജയരാജൻ

തൃശൂർ: പീച്ചിയിൽ നിർമ്മാണത്തിലിരിക്കുന്ന 20 എംഎൽഡി ട്രീറ്റ്‌മെന്റ് പ്ലാന്റ് നിർമ്മാണ പുരോഗതി കോർപ്പറേഷൻ മേയർ അജിത ജയരാജൻ വിലയിരുത്തി. 17 കോടി രൂപ ചിലവഴിച്ചാണ് ഈ പ്ലാന്റ് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നത്. തൃശൂർ കോർപ്പറേഷനിൽ പഴയ മുനിസിപ്പൽ പ്രദേശത്തെ ജലവിതരണത്തിന്റെ ഭാഗമായി ചിലസമയങ്ങളിൽ ചെളി വെള്ളം വരുന്നത് സാധാരണയാണ്. ഈ ചെളിവെള്ളം ശുദ്ധീകരിച്ച ശുദ്ധജലം വിതരണം ചെയ്യുന്നതിനുള്ള പ്ലാന്റാണ് നിർമ്മിച്ചു കൊണ്ടിരിക്കുന്നത്.
തൃശൂർ കോർപ്പറേഷനിൽ പഴയ മുനിസിപ്പൽ പ്രദേശത്ത് കുടിവെള്ള വിതരണം നടത്തുന്നത് കോർപ്പറേഷനാണ്. സംസ്ഥാനത്ത് കുടിവെള്ളം വിതരണം ചെയ്യുന്ന ഏക തദ്ദേശ സ്വയംഭരണ സ്ഥാപനമാണ് തൃശൂർ കോർപ്പറേഷൻ. ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി 96 കോടി രൂപയുടെ പദ്ധതികളാണ് ഈ മേഖലയിൽ നടപ്പിലാക്കി വരുന്നത്. കോർപ്പറേഷൻ എല്ലാ സോണിലും ചെറുതും വലുതുമായ കുടിവെള്ള പദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ട്.
പീച്ചിയിലെ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന ജല ശുദ്ധീകരണശാലയുടെ പൂർത്തീകരണത്തോടെ പഴയ മുനിസിപ്പൽ പ്രദേശത്ത് ശുദ്ധജല ലഭ്യതയ്ക്ക് തടസ്സം നേരിടില്ലെന്ന് ഡെപ്യൂട്ടി മേയർ റാഫി ജോസ് പി അറിയിച്ചു. വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ബെന്നി അമൃത്, പദ്ധതി ഉദ്യോഗസ്ഥൻ രാഹുൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ എം എൽ എ സി കരോളി ജോഷ്വാ, ഡി പി സി മെമ്പർ വർഗീസ് കണ്ടംകുളത്തി, മുൻ മേയർ അജിത വിജയൻ, കൗൺസിലർമാർ എന്നിവരും മേയറെ അനുഗമിച്ചു.

Leave a Reply

Your email address will not be published. Required fields are marked *