വിഷമങ്ങൾ പങ്കുവയ്ക്കാൻ ഒരുകൂട്ടില്ലാതാകുന്നതാണ് ഏത് പ്രായക്കാരുടേയും പ്രശ്‌നം. വാർദ്ധക്യത്തിലെത്തുമ്പോൾ മക്കളുമൊത്ത് സന്തോഷപൂർവ്വം കഴിഞ്ഞിരുന്ന വീടുകളിൽ ഇന്ന് മാതാപിതാക്കൾ തനിച്ചാകുന്നു. അതുതന്നെയാണ് അവരുടെ നിരാശക്ക് കാരണവും.
മക്കൾ ജോലിക്കും മറ്റുമായി പലയിടങ്ങളിലാകുന്ന്ത് സ്വാഭാവികമാണ്. അതിനവരെ കുറ്റംപറഞ്ഞിട്ടും കാര്യമില്ല. പ്രായമേറിയ അച്ഛനമ്മമാർക്ക് തനിയെ ജീവിക്കാനാകുമെന്നു കരുതുന്നവരാണ് മക്കളിലധികവും. പല മക്കളും വൃദ്ധസദനങ്ങളിൽ ഉപേക്ഷിക്കുന്നില്ലെങ്കിലും വീടുകളിൽ ഒറ്റപ്പെടുത്തുന്നുണ്ട്. വൃദ്ധജനങ്ങൾ കുടുംബത്തിന് ഒരു ബാധ്യതയാകുന്ന കാഴ്ചകളും ധാരാളം.
ജനിച്ചുവളർന്ന നാടും വീടും ഉപേക്ഷിച്ച് നഗരങ്ങളിലേക്ക് മക്കൾക്കൊപ്പം ചേക്കേറുന്നവരുടെ അവസ്ഥയും വ്യത്യസ്തമല്ല. ഒറ്റപ്പെടലിന്റെയും പൊരുത്തക്കേടിന്റെയും പ്രശ്‌നങ്ങൾ അവിടെയുമുണ്ട്. ജോലിത്തിരക്കുള്ള മക്കളും, ഭാഷയറിയാത്ത കൊ്ച്ചുമക്കളും, അപരിചിതരായ അയൽക്കാരും കുറച്ചൊന്നുമല്ല അവർ വേദനിക്കുന്നത്. മക്കൾ ഒറ്റപ്പെടുത്തിയില്ലല്ലോ എന്ന ആശ്വാസം മാത്രം കൂട്ടിനുണ്ടാകും. പിന്നെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ തുടങ്ങുമ്പോഴേക്കും മാനസികമായി തളർന്നിട്ടുണ്ടാകും.
ചെറുപ്പക്കാരിലെ വിഷാദരോഗത്തിൽനിന്നു തികച്ചും വ്യത്യസ്തമാണ് വയോധികരെ ബാധിക്കുന്ന വിഷാദം. വിശപ്പില്ലായ്മ, ക്ഷീണം, മറ്റ് ശാരീരിക രോഗലക്ഷണങ്ങൾ ഇവ വാർധക്യത്തിലെ വിഷാദത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്. ഉറക്കത്തിന്റെ ക്രമത്തിലുണ്ടാകുന്ന മാറ്റങ്ങൾ, ശൂന്യത, പ്രസരിപ്പും ഉന്മേഷവും കുറയുക, സ്പഷ്ടമല്ലാത്ത വേദനകൾ പറയുക, സങ്കടം പെട്ടെന്നു വരിക, ദഹനപ്രശ്‌നങ്ങൾ, ഓർമക്കുറവ്, ഉൾവലിയൽ, ഭാരക്കുറവ്, മലബന്ധം ഇവ അനുഭവപ്പെടാം. ഒപ്പം ചിന്തകളും പ്രവൃത്തികളും മന്ദീഭവിക്കും. പ്രകടമാകുന്ന ഇത്തരം ശാരീരിക ലക്ഷണങ്ങൾ വിഷാദരോഗത്തിന്റെ ഭാഗമാണെന്ന് പലരും തിരിച്ചറിയാറില്ല. ചികിത്സയിലൂടെ പൂർണമായും ഭേദമാക്കാവുന്ന രോഗമാണ് വിഷാദം. അജ്ഞതകൊണ്ടും മറ്റും വാർധക്യത്തിലെ വിഷാദത്തെ അവഗണിക്കുന്നവരാണ് കൂടുതൽ. യഥാസമയം ചികിത്സിക്കാതിരുന്നാൽ വിഷാദം ക്രമേണ ധാരണാശക്തി കുറയ്ക്കുകയും മറ്റ് രോഗാവസ്ഥകൾ കൂട്ടുകയും ചെയ്യും.
മനസ്സിന്റെ വൈകാരികാവസ്ഥകളുടെ നിയന്ത്രണം വഹിക്കുന്നത് തലച്ചോറിലെ ചില രാസപദാർഥങ്ങളാണ്. വാർധക്യത്തിലെത്തുമ്പോൾ ഗണ്യമായ അളവിൽ ഇവയ്ക്ക് കുറവു സംഭവിക്കാറുണ്ട്. പ്രതിസന്ധികളെ നേരിടേണ്ടിവരുമ്പോൾ പെട്ടെന്ന് ഉൽകണ്ഠാകുലരാകുന്നതിതുകൊണ്ടാണ്. ഒട്ടേറെ പ്രതിസന്ധികളെ നേരിടുന്ന വാർധക്യത്തിൽ വളരെ പെട്ടെന്നു തന്നെ വിഷാദത്തിലേക്ക് വഴുതിവീഴാം.
സ്വന്തം ഇഷ്ടപ്രകാരം കാര്യങ്ങൾ നടത്താനുള്ള സ്വാതന്ത്യം നഷ്ടമാകുന്നതും, ജിവിതത്തിനുമേലുള്ള നിയന്ത്രണം പോകുന്നതും പ്രായമായവർ ഇഷ്ടപ്പെടുന്നില്ല. ദേഷ്യപ്പെടുകയും ശാസിക്കുകയും ചെയ്യുന്ന ബന്ധുക്കളെയും പരിചാരകരെയും ആശ്രയിക്കേണ്ടിവരുമോ എന്ന് അവർ ഭയപ്പെടുന്നു. ഇത്തരം വിഷമാവസ്ഥകളൊക്കെ അവരെ വിഷാദത്തിലേക്കടുപ്പിക്കുന്നു. മക്കൾ വീടുവിട്ടു പോകുന്നതും തുണയില്ലാതാകുന്നതും ഏകാന്തതയും ഒറ്റപ്പെടലിനുമൊപ്പം വിഷാദത്തിനും ഇടയാക്കുന്നു.
പ്രായമാകുമ്പോൾ ശാരീരികപ്രവർത്തനങ്ങൾ കുറഞ്ഞുതുടങ്ങും. ഈ പ്രവർത്തനമാന്ദ്യം തന്നെ വിഷാദത്തിനിടയാക്കാറുണ്ട്. മസ്തിഷ്‌കരോഗങ്ങൾ, തൈറോയ്ഡ് രോഗങ്ങൾ, പ്രമേഹം, രക്തസമ്മർദം, ചില വൃക്കരോഗങ്ങൾ എന്നിവയോടനുബന്ധിച്ചും വിഷാദരോഗം ഉണ്ടാകുമെന്നതിനാൽ വിദഗ്ധപരിശോധനയിലൂടെ ഉറപ്പാക്കേണ്ടതുണ്ട്. രോഗങ്ങൾക്കൊപ്പമുള്ള വിഷാദരോഗം ശമിക്കുമ്പോൾ ജീവിതത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനാകും. ഒപ്പം മറ്റു രോഗങ്ങളുടെ ചികിത്സ കൂടുതൽ ഫലപ്രാപ്തിയിലെത്തുകയും ചെയ്യും.