വീട്ടമ്മമാരെ സ്മാർട്ടാക്കും സംരംഭങ്ങൾ

സ്റ്റാർട്ട് അപ്പുകൾ ട്രെന്റായി മാറിയതോടെ സ്മാർട്ടായ വീട്ടമ്മമാരുടെ സ്വപ്നവും സ്വന്തമായൊരു ബിസിനസ്സ് തന്നെയാണ്. പരിചയസമ്പത്തില്ലെങ്കിൽപോലും ധൈര്യമായി ബിസിനസ്സ് സ്റ്റാർട്ട് ചെയ്യാൻ സഹായകമായ സാങ്കേതികവിദ്യകളുള്ളപ്പോൾ ഒന്നു മനസ്സുവെക്കുകയേ വേണ്ടൂ. ഒരു ബിസിനസ്സ് ആശയവും അത് നടപ്പിലാക്കാനുള്ള മൂലധനവും ഉണ്ടെങ്കിൽ ധൈര്യമായൊരു ബിസിനസ്സ് ആരംഭിക്കാം. കുറഞ്ഞ മുതൽമുടക്കുള്ള ബിസിനസ്സ് ആശയങ്ങളോടായിരിക്കും വീട്ടമ്മമാർക്ക് താൽപ്പര്യം. ഇന്ന് കാണുന്ന വലിയ വ്യവസായങ്ങളെല്ലാം ഒന്നോ രണ്ടോപേരുടെ തലയിലുദിച്ച ആശയങ്ങളിൽനിന്നും കുറഞ്ഞ മുതൽമുടക്കിൽനിന്നുമെല്ലാം വളർന്നു പന്തലിച്ചിട്ടുള്ളവയാണെന്നതിൽ സംശയമില്ല. പരമ്പരാഗത കുടിൽ വ്യവസായങ്ങൾപോലും ഇന്ന് ലോകശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. ഇത്തരം ചെറുകിട സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾപോലും മുന്നിട്ടിറങ്ങിയതോടെ ചെറുകിട വ്യവസായങ്ങൾക്ക് ഇന്ന് ഏറെ പ്രസക്തിയുണ്ട്. 

കുറഞ്ഞ മുതൽമുടക്കിലുള്ള വിവിധ സംരംഭങ്ങളെ പരിചയപ്പെടാം

ചക്കിൽ ആട്ടിയ വെളിച്ചെണ്ണ

ഭക്ഷ്യ ഉല്പന്നങ്ങളിലെ മായം കലർത്തലാണ്  എന്നും മനുഷ്യൻ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിൽ ഒന്നാമത്.. കേരളത്തിൽ വിറ്റഴിക്കപ്പെടുന്ന വെളിച്ചെണ്ണകളിലെ മായം ചേർക്കൽ സംബന്ധിച്ച് മാധ്യമ വാർത്തകളും ടെസ്റ്റ് റിപ്പോർട്ടുകളും ആശങ്കാജനകമാണ്. ഒരു വീട്ടിൽ പ്രതിമാസം നാല് ലിറ്റർ മുതൽ മുകളിലോട്ട് വെളിച്ചെണ്ണ ഉപയോഗിക്കുന്നുണ്ട്.  ഉപഭോക്താക്കളുടെ മുന്നിൽ വെച്ച് തന്നെ തയാറാക്കി വിൽപന നടത്തുന്ന പുതിയ ബിസിനസ്സ് മേഖലയാണ് ചക്കിൽ ആട്ടിയ വെളിച്ചെണ്ണ.

200 സ്‌ക്വയർ ഫീറ്റ് കടമുറി വാടകക്കെടുത്ത് ചക്ക് സ്ഥാപിച്ച് സംരംഭം തുടങ്ങാം.  ഗുണമേന്മ ഉറപ്പ് വരുത്തി വാങ്ങാം എന്നതാണ് ഈ ബിസിനസ്സിന്റെ പ്രധാന മാർക്കറ്റിംഗ് തന്ത്രം.  ഒരു ദിവസം 50 ലിറ്റർ വെളിച്ചെണ്ണ വിറ്റഴിക്കാൻ കഴിഞ്ഞാൽ പോലും സാമാന്യം നല്ല ലാഭം നേടിയെടുക്കാൻ സാധിക്കും. ഒപ്പം മായം ചേർക്കലിന് എതിരെയുള്ള ഒരു പ്രതിരോധം കൂടിയാകും. 

ഉണങ്ങിയ കൊപ്ര നന്നായി ക്ലീൻ ചെയ്ത് സൂക്ഷിച്ചിട്ടുള്ള മോട്ടോറൈസ്ഡ് ചക്കിൽ 20 കിലോ ഗ്രാം വീതം ലോഡ് ചെയ്ത് കൊടുക്കണം. 20 മിനിറ്റ് സമയം കൊണ്ട് 60 മുതൽ 62 ശതമാനംവരെ എണ്ണ ലഭിക്കും.  രണ്ട് ദിവസം ബാരലിൽ സൂക്ഷിച്ച് വച്ചാൽ കരടുകൾ എല്ലാം താഴെ അടിഞ്ഞ് തെളിമയുള്ള എണ്ണ ലഭിക്കും. ഇത് ഉപഭോക്താക്കൾക്ക് ആവശ്യാനുസരണം പായ്ക്ക് ചെയ്ത് വിൽപ്പന നടത്താം. അനുബന്ധമായി ലഭിക്കുന്ന തേങ്ങാ പിണ്ണാക്ക് മറ്റൊരു വരുമാന മാർഗ്ഗമാണ്. 

യന്ത്രച്ചക്ക് ,ബാരലുകൾ, അളവ്- തൂക്ക ഉപകരണങ്ങൾ, അനുബന്ധ സംവിധാനങ്ങൾ എന്നിവയ്‌ക്കെല്ലാംകൂടി 3 ലക്ഷം രൂപയിൽ താഴെ മൂലധനനിക്ഷേപം പ്രതീക്ഷിക്കാം. വ്യവസായ വകുപ്പിൽ നിന്ന് മൂലധന നിക്ഷേപത്തിന് ആനുപാതികമായി സബ്സിഡി ലഭിക്കും. ഭക്ഷ്യ സുരക്ഷ ലൈസൻസ്, അനുബന്ധ ലൈസൻസുകളും നേടണം.

ഇഡ്ഡലി-ദോശ മാവ് നിർമ്മാണം
അരിയും ഉഴുന്നും വെള്ളത്തിലിട്ട് കുതിർത്തി ആട്ടി ഇഡ്ഡലിയും ദോശയുമൊക്കെ ഉണ്ടാക്കാൻ ജോലിക്കാരായ വീട്ടമ്മമാർക്ക് എവിടെ നേരം? അതുകൊണ്ടുതന്നെ ഇഡ്ഡലിയും ദോശയും പാചകം ചെയ്യുന്നതിനുള്ള മാവ് റെഡിമെയ്ഡായി നൽകുന്ന ധാരാളം സംരംഭങ്ങൾ ഇന്ന് നമ്മുടെ നാട്ടിലുണ്ട്. ഈ സംരംഭങ്ങളെയെല്ലാം നമ്മുടെ വീട്ടമ്മമാർ ഗ്രാമ-നഗര ഭേദമില്ലാതെ വിജയിപ്പിച്ചിട്ടുണ്ട്. ഒരു കുടുംബ സംരംഭം എന്ന നിലയിൽ ഇനിയും ധാരാളം യൂണിറ്റുകൾക്ക് ഈ രംഗത്ത് അവസരമുണ്ട്.
സാധ്യതകൾ
ദോശയും ഇഡ്ഡലിയും മലയാളിയുടെ പ്രഭാതഭക്ഷണങ്ങലിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നായതുകൊണ്ടുതന്നെ ഈ സംരംഭത്തിന് വളരെ വ്യാവസായിക പ്രാധാന്യമുണ്ട്. പ്രാദേശിക അടിസ്ഥാനത്തിലാണ് ഇവ ഉൽപ്പാദനം നടന്നിരുന്നെതെങ്കിൽ ഇപ്പോൾ ആധുനിക യന്ത്ര സംവിധാനങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച് ആകർഷകമായ പായ്ക്കിംഗിൽ ബ്രാൻഡിംഗ് നടത്തിയുള്ള വിപണനവും നടക്കുന്നുണ്ട്. വലിയ ബ്രാൻഡിംഗോ മാർക്കറ്റിങോ ആവശ്യമില്ല. ഗുണമേന്മയ് ക്ക് പ്രാധാന്യം നൽകി ക്വാളിറ്റിയുള്ള അരിയും ഉഴുന്നും തിരഞ്ഞെടുത്ത് മാവ് നിർമ്മിച്ചാൽ ചുരുങ്ങിയ കാലം കൊണ്ട് വിപണി പിടിക്കാം. ചെറിയ പരിശീലനം നേടിയാൽ ഈ വ്യവസായം ആരംഭിക്കാവുന്നതാണ്.
ഗുണമേന്മയുള്ള പൊന്നി അരിയും ഉഴുന്നും 4 മണിക്കൂർ വെള്ളത്തിൽ മുക്കി വച്ച് കുതിർത്തെടുക്കുന്നു. പിന്നീട് അരിയും ഉഴുന്നും മൾട്ടി ഗ്രൈൻഡറിൽ അരച്ച് പേസ്റ്റ് രൂപത്തിലാക്കുന്നു. അരിയിലും ഉഴുന്നിലും നിർമ്മിച്ച പേസ്റ്റുകൾ വീണ്ടും വെള്ളം ചേർത്ത് ഗ്രൈൻഡറിൽ അരച്ച് വ്യത്യസ്ഥ പാത്രങ്ങളിൽ ശേഖരിച്ച് വയ്ക്കുന്നു. പിന്നീട് അരിമാവും ഉഴുന്നുമാവും നിശ്ചിത അനുപാതത്തിൽ കലർത്തി പായ്ക്കറ്റുകളിൽ നിറയ്ക്കുന്നു. സാധാരണയായി 1 കി.ഗ്രാം പായ്ക്കറ്റുകളാണ് വില്പനയ്ക്കായി തയാറാക്കുന്നത്. 1 കി.ഗ്രാം മാവിൽ നിന്നും 22 + 24ഇഡ്ഡലിയോ ദോശയോ പാചകം ചെയ്തെടുക്കാൻ സാധിക്കും. സാധാരണയായി പായ്ക്ക് ചെയ്തമാവ് ഒരു ദിവസം സാധാരണ ഊഷ്മാവിൽ സൂക്ഷിക്കുകയും പിന്നീട് നാല് ദിവസം വരെ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതിനും സാധിക്കും. പുളിരസം കുറഞ്ഞിരിക്കുന്ന മാവുകൾക്കാണ് വിപണിയിൽ പ്രിയം.
തട്ടുകടകൾക്കും ഹോട്ടലുകൾക്കും മാവ് നേരിട്ട് വിതരണം നടത്തുന്ന രീതി വളരെ ഗുണകരമായ മാർക്കറ്റിങ് രീതിയാണ്.
ഇൻസ്റ്റന്റ് വെറ്റ് ഗ്രൈൻഡർ, പാത്രങ്ങൾ അനുബന്ധ സംവിധാനങ്ങൾ, ഇതര ചിലവുകൾ ഇങ്ങനെ ആകെ മൂലധന നിക്ഷേപം ഒരു ലക്ഷം. ഭക്ഷ്യ സുരക്ഷാ വിഭാഗം, അളവ് തൂക്ക വിഭാഗം, ജി.എസ്.ടി എന്നിവിടങ്ങളിൽ നിന്നുള്ള ലൈസൻസ്, ഉദ്യോഗ് ആധാർ എന്നിവ സംരംഭകൻ നേടിയിരിക്കണം.

ഹോം മെയ്ഡ് ചോക്ലേറ്റ്
കേരളത്തിൽ ടൂറിസം മേഖലയുടെ വികസനത്തോടെ ആ മേഖലകളിലുള്ള വസ്തുക്കൾക്കും വിപണനസാധ്യത ഏരെയാണ്. മുമ്പ് തേയില, കാപ്പിപ്പൊടി, സുഗന്ധവ്യഞ്ജനങ്ങൾ ന്നെിവയ്ക്കായിരുന്നു ഡിമാന്റ് എങ്കിൽ ഇന്ന് പ്രിയപ്പെട്ടവർക്ക് സമ്മാനിക്കാനായി അധികവും വാങ്ങുന്നത് ഹാന്റ് മെയ്ഡ് ചോക്കലേറ്റുകളാണ്. മൂന്നാർ, വാഗമൺ എന്നിവിടങ്ങളിലെല്ലാം പ്രതിദിനം നല്ലൊരുതുക ഈ സംരംഭത്തിലൂടെ വീട്ടമ്മമാർ സമ്പാദിക്കുന്നുണ്ട്. പ്രകൃതിദത്ത കൊക്കോ അടിസ്ഥാനമാക്കി നിർമ്മിക്കുന്ന ചോക്ലേറ്റ് പാലും പഞ്ചസാരയും കൂടി ചേർത്തുള്ള മിശ്രിതരൂപമാണ്. കേരളത്തിൽ വാനില വ്യാപകമാകുന്നതിനു മുൻപ് ഗ്രാമങ്ങളിൽ പലയിടത്തും കൊക്കോ സംഭരണ കേന്ദ്രങ്ങൾ നിലനിന്നിരുന്നു. കൊ്‌ക്കോ കൂടുതലായി ഉൽപ്പാദിപ്പിക്കുന്ന ഇടങ്ങളിൽ വലിയ മുതൽമുടക്കൊന്നുമില്ലാതെതന്നെ ആരംഭിക്കുവാൻ സാധിക്കുന്ന ഒരു സംരംഭമാണിത്. ചോക്ലേറ്റ് ഉല്പാദനത്തിൽ ഇന്ത്യ ടോപ്പ് ചാർട്ടിലായതുകെണ്ടുതന്നെ വിപണി പിടിച്ചടക്കാവുന്ന ചെറുകിട ആശയംതന്നെയാണ് ഹാന്റ് മെയ്ഡ് ചോക്കലേററുകളുടേത്.

നാച്വറൽ വിനിഗർ
നാളികേരത്തിന്റെ നാടായ കേരളത്തിൽ ധാരാളം നാളികേര അധിഷ്ഠിത വ്യവസായങ്ങളുണ്ട് . പാഴായി പോകുന്ന നാളികേര വെള്ളത്തിൽ നിവിനും നിർമിക്കുന്ന പ്രകൃതിദത്ത വിനെഗർ ഇന്ന് പ്രകൃതിദത്ത ഉത്പന്നങ്ങളിലെ തരംഗമായി മാറിക്കഴിഞ്ഞു. സാങ്കേതിക വിദ്യയും പരിശീലനവും ആർജ്ജിച്ചു ചെറിയ യന്ത്ര സംവിധാനവും ഒരുക്കിയാൽ ലാഭകരമായി നടപ്പാക്കുന്ന വ്യവസായ സംരംഭമാണ് ക്ലിയർ വിനിഗർ നിർമ്മാണം.
നന്നായി തിളപ്പിച്ച് ആറ്റിയ നാളികേര വെള്ളത്തിൽ അമോണിയം സൾഫേറ്റ്, യീസ്റ്റ് സിട്രിക് ആസിഡ് തുടങ്ങിയവ ചേർത്ത് ആൽക്കഹോളിക് ഫെർമെന്റേഷൻ നടത്തും. 7 ദിവസമാണ് ഈ പ്രോസസ്സിങ്ങിനായി സൂക്ഷിക്കുക .7 ദിവസത്തിനു ശേഷം തെളിവെള്ളം ഊറ്റി എടുത്ത് മദർ കൾച്ചർ ചേർത്ത് അസറ്റിക് ഫെർമെന്റേഷന് വക്കും. 7 ദിവസത്തിന് ശേഷം 40 % വിനിഗർ വേർതിരിച്ചെടുത്തു വില്പനക്ക് തയ്യാറാക്കും . വിനിഗറിന്റെ പി എച്ച് വാല്യൂ 3.5 ൽ നിലനിർത്താൻ ശ്രദ്ധിക്കണം. പാസ്ചറിസഷൻ സിസ്റ്റിലേഷനോ നടത്തി ബോട്ടിലിൽ പായ്ക്ക് ചെയ്ത് വിപണിയിൽ എത്തിക്കാം. മദർ കൾച്ചർ നിർമ്മാണവും ഇതോടൊപ്പം നടത്തേണ്ടി വരും.മദർ കൾച്ചർ ന്റെ സ്റ്റോക്ക് കൂടുന്നതിനൊപ്പം വിനിഗർ നിർമ്മാണത്തിന്റെ അളവും വർദ്ധിപ്പിക്കാം.
സിസ്റ്റലേഷൻ / പാസ്ചറൈസേഷൻ യൂണിറ്റ്, ടാങ്കുകൾ, അനുബന്ധ ഉപകരണങ്ങൾ, മദർ കൾച്ചർ, എന്നിങ്ങനെ മൂലധന നിക്ഷേപം രണ്ടര ലക്ഷത്തിൽ താഴെ. കൂടാതെ പ്രതിദിനം 200 ലിറ്റർ വിനിഗർ നിർമ്മിക്കുന്നതിനുള്ള ചിലവ് 7000 പ്രതീക്ഷിക്കാം. ലാഭം 13,000 ൽ കൂടുതലും. ഭക്ഷ്യ സുരക്ഷാ വിഭാഗം തദ്ദേശ സ്ഥാപനം വ്യവസായ വകുപ്പ് എന്നിവയിൽ നിന്നുള്ള അനുമതികൾ സംരംഭകൻ നേടിയിരിക്കണം

കലർപ്പില്ലാത്ത കറിപ്പൊടി നിർമ്മാണം
കലർപ്പില്ലാത്ത മുളക്പൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി മസാലകൂട്ടുകൾ എന്നിവ നിർമ്മിച്ച് 250 ഗ്രാം, 500 ഗ്രാം, 1കി.ഗ്രാം, 5കി.ഗ്രാം പായ്ക്കുകളിൽ വിപണനം നടത്താം. നാടൻ പൊടിയുല്പന്നങ്ങൾക്ക് ഡിമാന്റ് വളരെ കൂടുതലാണ്. ഗുണമേന്മ നിലനിർത്തുക എന്നതാണ് പ്രാധാന്യം. കുറഞ്ഞ മുതൽമുടക്കിൽ വലിയ സാങ്കേതിക വിദ്യകളുടെ പിൻബലമില്ലാതെ ആരംഭിക്കാൻ കഴിയുന്ന ഈ വ്യവസായം കേരളത്തിലെ എല്ലാ പ്രദേശങ്ങൾക്കും യോജിച്ചതുമാണ്.
കേരളത്തിൽ മട്ടാഞ്ചേരിയിൽ ഈ വ്യസായത്തിന് ആവശ്യമായ എല്ലാ അസംസ്‌കൃത വസ്തുക്കളും ഹോൾസെയിൽ വിലയ്ക്ക് ലഭിക്കും. വ്യവസായം വളർന്ന് വലുതാകുന്നതോടെ തമിഴ്നാട്, കർണ്ണാടക, ആന്ധ്രാ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും നേരിട്ട് വാങ്ങുകയുമാവാം.
പൊടിയുല്പന്നങ്ങൾ ഡിസ്ട്രിബ്യുഷൻ നൽകാതെ നിശ്ചിത ഇടവേളകളിൽ സ്വന്തമായി ഉൽപന്നം എത്തിച്ച് നൽകുന്ന തരത്തിലുള്ള മാർക്കറ്റിംഗ് രീതി അവലംബിക്കുന്നതാണ് അഭികാമ്യം. സാങ്കേതിക വിദ്യ പരിശീലനം, മെഷീനറികൾ, വലിയ സാങ്കേതിക പരിജ്ഞാനം, വിദ്യാഭ്യാസയോഗ്യത ഒന്നും ഈ വ്യവസായത്തിന് ആവശ്യമില്ല. വിവിധ പൊടിയുല്പന്നങ്ങൾ നിർമ്മിക്കുന്നതിനും, പായ്ക്കിംഗിനും മറ്റുമായി ഒരു ദിവസത്തെ പരിശീലനം നേടിയാൽ മതിയാകും. പ്രധാനമായും ശ്രദ്ധിക്കേണ്ടത് പൊടിയുല്പന്നങ്ങൾ നിർമ്മിക്കുന്ന അസംസ്‌കൃത വസ്തുക്കളുടെ ഗുണനിലവാരവും ഈർപ്പത്തിന്റെ അളവുമാണ്. ഈർപ്പം കൂടിയാൽ ഉല്പന്നങ്ങൾ വേഗത്തിൽ കേടുവരുന്നതിന് കാരണമാവും. സാധാരണയായിപൊടിയുല്പന്നങ്ങളുടെ കാലാവധി 6 മാസമാണ്.
ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ അവലംബിച്ച് നിർമ്മിച്ചിട്ടുള്ള മെഷീനറികൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. ഇത്തരം മെഷീനറികൾ ഒരു കിലോ ഉല്പന്നം തന്നെ ലഭിക്കും,വെയിസ്റ്റേജ് 0 %. മെഷിനറി പൊടിമില്ല്, റോസ്റ്റർ അനുബന്ധ സാമഗ്രികൾ, ത്രാസ്, സീലിംഗ് മെഷിൻ, പാത്രങ്ങൾ, വയറിംഗ്, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കൽ എന്നിവയാണ് തുടക്കത്തിൽ വേണ്ടിവരുന്നത്. പൊടിയുല്പന്നങ്ങൾ നിരവധിയുള്ളതിനാൽ ഓരോന്നിന്റെയും സാന്പത്തിക വിശകലനം ചേർക്കാൻ സാധിക്കില്ല. സ്വന്തമായി മെഷിനറികൾ വാങ്ങിവയ്ക്കുന്നതിന് മുൻപ് ട്രയൽ പ്രൊഡക്ഷൻ സെന്ററുകളിലായി ഉല്പന്നം നിർമ്മിച്ച് വിപണി സാധ്യത പഠിക്കാവുന്നതാണ്. ഉല്പന്നത്തിന്റെ ഗുണനിലവാരവും, വില നിർണ്ണയവും എളുപ്പമാക്കാൻ ഇത് സഹായിക്കും. ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ രജിസ്‌ട്രേഷൻ, പഞ്ചായത്ത് ലൈസൻസ്, ഏടഠ, അളവുതൂക്ക വിഭാഗത്തിന്റെ ലൈസൻസ്, തൊഴിലാളികളുടെ ഹെൽത്ത് ഫിറ്റ്‌നസ് എന്നിവ അത്യാവശ്യം നേടിയിരിക്കേണ്ടതാണ്. അനുമതികൾ ആവശ്യമായി വരും.
തേങ്ങാ പീര സംസ്‌കരണം
കർഷകർക്കും കർഷക ഗ്രൂപ്പുകൾക്കും കുറഞ്ഞ ചിലവിൽ ആരംഭിക്കാൻ കഴിയുന്ന സംരംഭമാണ് തേങ്ങാപ്പീര സംസ്‌കരണം. തേങ്ങാപ്പീര സംസ്‌കരണം കർഷകർക്കും കാർഷിക ഗ്രൂപ്പുകൾക്കും കുറഞ്ഞ മുതൽ മുടക്കിൽ ആരംഭിക്കാവുന്ന കാർഷിക അനുബന്ധ സംരംഭമാണ്. ഉണങ്ങുന്നതിനുള്ള ഡ്രയറും ചിരവി എടുക്കുന്നതിനുള്ള അനുബന്ധ യന്ത്രങ്ങളും പായ്കിംഗ് മെഷ്യനുമുണ്ടെങ്കിൽ ഈ സംരംഭത്തിന് തുടക്കം കുറിക്കാം. ഹോട്ടലുകളിലും വീടുകളിലുമെല്ലാം ഉണക്കിയെടുത്ത തേങ്ങാപ്പീരക്ക് നിരവധിയായ ഉപയോഗങ്ങളുണ്ട്. വിവിധ ഭക്ഷ്യ ഉൽപന്നങ്ങളുടെ നിർമ്മാണത്തിലെല്ലാം തേങ്ങാപ്പീര ഉപയോഗിക്കാം. അതുകൊണ്ട് തന്നെ ഈ ഉൽപന്നത്തിന്റെ വിപണിയും വലുതാണ്. നഗര ജീവിതത്തിൽ വീട്ടമ്മമാർ നേരിടുന്ന പ്രശ്‌നത്തിനുള്ള പരിഹാരവുമാണ് സംസ്‌കരിച്ച തേങ്ങാപ്പീര.
250ഴ , 500ഴ, 1 ഗഴ പായ്ക്കുകളിലാക്കി ചില്ലറ വിൽപ്പന കേന്ദ്രങ്ങൾ വഴിയും 10 ഗഴ പായ്ക്കുകളിൽ ഹോട്ടലുകൾ, ബേക്കറികൾ, ബിസ്‌ക്കറ്റ് കന്പനികൾ തുടങ്ങിയ വൻകിട ഉപഭോക്താക്കൾക്കും നൽകാം. നേരിട്ടും വിതരണക്കാരെ നിയമിച്ചും ഓൺലൈൻ വിൽപനയ്ക്ക് സഹായിക്കുന്ന വെബ്സൈറ്റുകൾ വഴിയും മാർക്കറ്റിംഗ് സാധ്യമാക്കാം.
മൂപ്പെത്തിയ നാളികേരം ഉടച്ച് ഇലക്ട്രിക്ക് പീലർ ഉപയോഗിച്ച് ചിരവിയെടുക്കുന്നു. തുടർന്ന് ഹോട്ട് എയർ ഡ്രയറിൽ 4 മണിക്കൂർ ഉണക്കിയെടുക്കുന്നു. ഗുണമേന്മയുള്ള പായ്ക്കിംഗ് കവറുകളിൽ നിറച്ച് വില്പനയ്ക്കെത്തിക്കാം.
ഡ്രയർ, പീലിംഗ് യന്ത്രം, പായ്ക്കിംഗ് യന്ത്രം, അനുബന്ധ സംവിധാനങ്ങൾ, എന്നിങ്ങനെ മൂലധനം രണ്ടര ലക്ഷത്തിൽതാഴെ.
1000 തേങ്ങ സംസ്‌കരിക്കുമ്പോൾ 100 ലിറ്റർ നാളികേര വെള്ളം ലഭിക്കും. ഈ വെള്ളത്തിൽ നിന്ന് കേരകൂൾ, വിനാഗിരി എന്നിവ നിർമ്മിച്ച് വിപണിയിലെത്തിച്ചാൽ നല്ലൊരു തുക ഒപ്പം സമ്പാദിക്കാം. ചിരട്ട വില്പനകളുടെ വരുമാനം വേറെ ലഭിക്കും.
ഉദ്യോഗ് ആധാർ, തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ ലൈസൻസ്, ചരക്ക് സേവന നികുതി രജിസ്ട്രേഷൻ തുടങ്ങിയവ നേടി വേണം സംരംഭം ആരംഭിക്കാൻ. വ്യവസായ വകുപ്പിൽ നിന്ന് നിയമാനുസൃതമായ സബ്സിഡി ലഭിക്കും.
ഇതുപോലെ നിരവിധി ചെറുകിട സംരംഭങ്ങൾ നമുക്ക് ചുറ്റിലും കണ്ണോടിച്ചാൽ നമുക്ക് കാണാനാകും. ദീർഘവീക്ഷണമാണ് ഏത് സംരംഭത്തിന്റെയും അടിസ്ഥാനം. പ്ലാസ്റ്റിക് നിരോദനം മുന്നിൽക്കണ്ടുകൊണ്ട് ചിലർ മുന്നോട്ടവച്ച ആശയങ്ങളാണ് ഇന്ന് പേപ്പർ മില്ലുകളും തുണി സഞ്ചി നിർ്മ്മാണ യൂണിറ്റുകളളുമൊക്കെയായി നമുക്ക് മുന്നിൽ തെളിഞ്ഞു നിൽക്കുന്നത്. കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള സംരംഭകരോട് ചോദിച്ചാൽ അവർ ഒരേ സ്വരത്തിൽ പറയും. ‘സാധ്യകൾ അറിയുക, വിപണി കണ്ടെത്തുക. വിജയം സുനിശ്ചയം’.

Leave a Reply

Your email address will not be published. Required fields are marked *