കുറുപ്പംപടി: കൊറോണക്കാലത്ത് വീട്ടിലിരുന്ന് ബോറടിച്ചവരുണ്ടെങ്കിൽ സമായം കിട്ടുമ്പോൾ കുറുപ്പംപടിയിലെ അശോകന്റെയും അംബികയുടേയും വീട്ടിലേയ്ക്ക് വരണം. തീയറ്റർ ജംഗ്ഷനിൽ നിന്ന് കുരുപ്പപ്പാറയിലേയ്ക്കുള്ള വഴിയിൽ പെരിയാർവാലി കനാൽ ബണ്ടിനരികിലാണ് ഇവരുടെ വീട്. വീടെന്നുപറയുന്നതിനേക്കാൾ നല്ലത് ഉദ്യാനമെന്നാകും. ഇല്ലായ്മകൾക്ക് നടുവിൽ നാലര സെന്റ് സ്ഥലത്ത് അംബിക അണിയിച്ചൊരുക്കിയത് ആത്മവിശ്വാസത്തിന്റെ നിറച്ചാർത്ത്.
വീട്ടുപണികൾ കഴിഞ്ഞാൽ ഒരുമിനിട്ടുകളയാതെ അംബിക മുറ്റത്തെ ചെടികൾക്കരികിലെത്തും. നാലരസെന്റ് സ്ഥലത്ത് 50 ലേറെ ഇനങ്ങളിലായി ചെടികളുണ്ട്. കൂടുതലും ഇലച്ചെടികൾ. പൂച്ചെടികളെ അപേക്ഷിച്ച് ഇലച്ചെടികൾഅംബിക നട്ടുവളർത്തുന്നുത.് ഇവയ്ക്ക് ആയുസ് കൂടുതലുണ്ടെന്നാണ് അംബികയുടെ പക്ഷം. പരിപാലനവും കുറച്ചുമതി. കാലിക്കുപ്പികൾ, ചിരട്ട, പഴയ പാത്രങ്ങൾ, കന്നാസുകൾ എന്നിവയെല്ലാം ഇവിടെ വൈവിധ്യമാർന്ന വർണങ്ങളിൽ ചെടിച്ചട്ടികളായി മാറിയിരിക്കുന്നു. പ്രൊഫഷണലായ ഒരു പൂന്തോട്ടക്കാരനാണ് ഈ വർണവസന്തത്തിന് പിന്നിലെന്ന് ആരും സംശയിച്ചാൽ തെറ്റില്ല. എന്നാൽ അംബികയെന്ന വീട്ടമ്മയുടെ ഭാവനയും മനോധർമ്മവും മാത്രമാണ് ഈ സൗന്ദര്യത്തിന് പിന്നിലെന്നറിയുമ്പോൾ സംശയം ആശ്ചര്യത്തിന് വഴിമാറും. കെട്ടിട നിർമ്മാണ തൊഴിലാളിയായ ഭർത്താവിന്റെ ചെറിയ വരുമാനം കൊണ്ട് ജീവിക്കുമ്പോഴും പരാതികൾക്കോ പരിഭവങ്ങൾക്കോ ഈ കുടുംബത്തിലിടമില്ല.പാഴാക്കാൻ സമയമോ പഴയൊരു പാത്രം പോലുമോ ഇവിടെയില്ല. നിറങ്ങളിൽ നീരാടി നിൽക്കുകയാണ് ഈ വീട്. നല്ല ചെടികൾ കാണുന്നിടത്തു നിന്നെല്ലാം അംബിക ശേഖരിക്കും. നഴ്‌സറികളിൽ നിന്ന് വില കൊടുത്ത് വാങ്ങിയവയുമുണ്ട്. ചാണകപ്പൊടിയാണ് വളമായി ഉപയോഗിക്കുന്നത്. ദിവസവും നനയ്ക്കണം. പഴയ കുപ്പികൾ ആക്രി കടകളിൽ നിന്ന് ശേഖരിച്ചു.10 കൊല്ലത്തിലധികമായി ചെടികളുടെ കൂട്ടുകാരിയാണ് അംബിക. ഉദ്യാനപാലനത്തിന് ഭർത്താവിന്റേയും മക്കളുടേയും പ്രോത്സാഹനവും സഹായവുമുണ്ട്. അശ്വതി, അഖിൽ, അമൽ എന്നിവരാണ് മക്കൾ. മകൾ വിവാഹിതയാണ്.