വയനാട് : എന്ന് നാട്ടിൽ പോകാൻ കഴിയുമെന്ന ആശങ്കയായിരുന്നു ദിവസങ്ങളോളം. വീട്ടിലേക്കും നാട്ടിലേക്കുമെല്ലാം വിളിക്കുമ്പോൾ ഒന്നും പറയാൻ കഴിയാത്ത അവസ്ഥ. ഇതിനിടയിലാണ് നാട്ടിലേക്ക് പോകാൻ വഴിയൊരുങ്ങിയത്. യാത്രയുടെ തിരക്കുകൾക്കിടയിലും സർക്കാറിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും കരുതലുകൾക്ക് നന്ദി പറയാൻ ആ അതിഥിക്കൂട്ടം മറന്നില്ല. ‘ ജോലിയില്ലാതെ ഇത്രനാൾ കഴിഞ്ഞിട്ടും വിശപ്പ് എന്താണെന്ന് ഞങ്ങൾക്ക് അറിയേണ്ടി വന്നിട്ടില്ല. ഭക്ഷണവും സുരക്ഷയും ഒരുക്കി കേരള സർക്കാറും നിങ്ങളും ഞങ്ങൾക്കൊപ്പം നിന്നു. എല്ലാത്തിനും നന്ദിയുണ്ട്, ഞങ്ങൾ തിരിച്ചു വരും..’ രാജസ്ഥാൻ സ്വദേശി ദേവിലാൽ പറഞ്ഞു നിർത്തിയപ്പോൾ കൈയ്യടികളോടെയാണ് ആ വാക്കുകൾ മറ്റുള്ളവരും ഏറ്റെടുത്തത്.
ലോക്ഡൗണിനെ തുടർന്ന് നാട്ടിൽ പോകാൻ കഴിയാതെ പ്രയാസത്തിലായിരുന്ന അതിഥി തൊഴിലാളികളുടെ വയനാട് ജില്ലയിലെ ആദ്യ സംഘമാണ് യാത്രയായത്. ജാർഖണ്ഡ്, രാജസ്ഥാൻ സ്വദേശികളായ 802 പേരാണ് സ്വദേശത്തേക്ക് മടങ്ങിയത്. ജാർഖണ്ഡിലേക്ക് 492 പേരും രാജസ്ഥാനിലേക്ക് 310 പേരുമാണ് ഉളളത്. ബുധനാഴ്ച്ച വൈകീട്ട് 4 മണിയ്ക്ക് രാജസ്ഥാനിലേക്കും രാത്രി 8 ന് ജാർഖണഡിലേക്കും പോയ പ്രത്യേക ട്രെയിനുകളിലാണ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും യാത്രയാക്കിയത്. കൽപ്പറ്റ എസ്.കെ.എം.ജെ സ്‌കൂൾ ഗ്രൗണ്ടിൽ നിന്നും ജില്ലാ ഭരണകൂടം പ്രത്യേകം ഏർപ്പെടുത്തിയ 33 കെ.എസ്.ആർ.ടി.സി ബസുകളിലാണ് ഇവരെ റെയിൽവേ സ്റ്റേഷനിലെത്തിച്ചത്. ഓരോരുത്തകർക്കും മൂന്ന് നേരം കഴിക്കാനുളള ചപ്പാത്തിയും കറിയും വാഴപ്പഴവും കുടിവെളളവും അടങ്ങിയ ഭക്ഷണക്കിറ്റും കുടുംബശ്രിയുടെ സഹായത്തോടെ സൗജന്യമായി ഏർപ്പാടാക്കിയിരുന്നു. ജില്ലയിൽ നിന്നും സ്വദേശങ്ങളിലേക്ക് മടങ്ങാൻ താൽപര്യം പ്രകടിപ്പിച്ചവരുടെ പട്ടിക തദ്ദേശ സ്ഥാപന അടിസ്ഥാനത്തിൽ നേരത്തെ തയ്യാറാക്കിയിരുന്നു. യാത്രയ്ക്ക് മുന്നോടിയായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ആരോഗ്യപരിശോധന നടത്തി തൊഴിലാളികൾക്ക് മെഡിക്കൽ സർട്ടിഫിക്കറ്റും നൽകി.