വൈദ്യതോൽപ്പാദനം കൂട്ടും : കെഎസ്ഇബി

കാലവർഷം ആരംഭിക്കുന്ന ജൂൺമാസത്തിലും ഇടുക്കിയിലെ വൈദ്യുതോൽപ്പാദനം വർദ്ധിപ്പിക്കാനൊരുങ്ങി കെഎസ്ഇബി. സാധാരണ മഴക്കാലത്ത് ഉൽപ്പാദനം കുറയ്ക്കുകയായിരുന്നു പതിവ്. പ്രതിദിനം മൂന്ന് ദശലക്ഷം യൂണിറ്റാണ് ഇടുക്കിയിൽ സാധാരണ വർഷകാലത്ത് ഉൽപ്പാദിപ്പിക്കാറുള്ളത്. എന്നാൽ, ഇത്തവണ ഇതിനേക്കാൾ കൂട്ടാനാണ് തീരുമാനം. അതിവർഷമടക്കമുള്ള സാഹചര്യങ്ങളെ നേരിടുന്നതിന്റെ ഭാഗമായി അണക്കെട്ടിലെ ജലനിരപ്പ് നിയന്ത്രിക്കാനാണ് ഉൽപ്പാദനം ഉയർത്തുന്നത്.

ജൂൺ അഞ്ചിന് സംസ്ഥാനത്ത് കാലവർഷം ആരംഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. കഴിഞ്ഞ വർഷത്തേക്കാൾ അണക്കെട്ടിൽ വെള്ളത്തിന്റെ ആളവ് കൂടുതലാണ്. നിലവിൽ മൂന്ന് ജനേററ്റർ ഉപയോഗിച്ച് എട്ടര ദശലക്ഷം യൂണിറ്റ് ഇടുക്കിയിൽ ഉൽപ്പാദിപ്പിക്കുന്നുണ്ട്. ലോക്ക്ഡൗൺ കാരണം വൈദ്യുതി ഉപയോഗം ഇടിഞ്ഞതിനാൽ ഉൽപ്പാദനം നാല് ദശലക്ഷം യൂണിറ്റായി കുറച്ചിരുന്നു. ഇതാണ് മുൻവർഷത്തേക്കാൾ ഇത്തവണ ജലനിരപ്പ് കൂടാനുണ്ടായ കാരണം.

സംസ്ഥാനത്ത് 50 ശതമാനത്തിലധികം മഴ ലഭിച്ച് ഡാമുകളിലേക്കുള്ള നീരൊഴുക്ക് കൂടിയാൽപ്പോലും കെഎസ്ഇബിക്ക് കീഴിലെ ഡാമുകൾ തുറന്നുവിടേണ്ടിവരില്ല. ഉൽപ്പാദനം കൂട്ടിയും ജലനിരപ്പ് നിയന്ത്രിച്ചും ഡാമുകൾ തുറക്കേണ്ട സാഹചര്യം ഒഴിവാക്കാനാകും. അസാധാരണ സ്ഥിതിവിശേഷമുണ്ടായാൽ മാത്രമേ ഡാമുകൾ തുറക്കേണ്ടിവരൂ.

Leave a Reply

Your email address will not be published. Required fields are marked *