കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനെതിരെ മറ്റൊരു കേസ് കൂടി പൊലീസ് എടുത്തു. വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ജോലി സമ്പാദിച്ചെന്ന പരാതിയിലാണ് പുതിയതായി പൊലീസ് കേസെടുത്തിയിരിക്കുന്നത്. കന്റോണ്‍മെന്റ് പൊലീസ് ആണ് തിങ്കളാഴ്ച രാത്രിയോടെ സ്വപ്‌നക്കെതിരെ കേസെടുത്തത്. സ്വപ്നക്ക് പുറമെ അവരെ നിയമിച്ച കണ്‍സള്‍ട്ടന്‍സി പി.ഡബ്ല്യു.സി, ഏജന്‍സിയായ വിഷന്‍ ടെക്‌നോളജീസ് എന്നിവയെയും പ്രതിസ്ഥാനത്ത് ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിശ്വാസ വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ ഉള്‍പ്പെടെ ആറ് വകുപ്പുകള്‍ പ്രകാരമാണ് കേസ്.
സ്വപ്ന സുരേഷ് മഹാരാഷ്ട്രയിലെ ബാബാ സാഹേബ് അംബേദ്കര്‍ സര്‍വകലാശാലയുടെ വ്യാജ ബി.കോം സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചാണ് ഐ.ടി വകുപ്പിന് കീഴിലെ സ്ഥാപനത്തില്‍ ജോലി നേടിയതെന്ന് വ്യക്തമായിട്ടും കേസെടുക്കാന്‍ പൊലീസ് തയാറായിരുന്നില്ല. ഒടുവില്‍ സ്വപ്ന ജോലി ചെയ്ത കെ.എസ്.ഐ.ടി.ഐ.എല്‍ അധികൃതര്‍ രേഖാമൂലം നല്‍കിയ പരാതിയിലാണ് കേസെടുത്തത്.