സംസ്ഥാനത്ത് ഓട്ടോമൊബൈൽ വർക്ക്ഷോപ്പുകൾക്കും വാഹന ഷോറൂമുകൾക്കും പ്രവർത്തിക്കാൻ അനുമതി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
സർക്കാർ അനുവദിച്ച കടകൾ തുറക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ അനുമതി വേണ്ടതില്ല. ഞായറാഴ്ച സമ്പൂർണ ഒഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, റംസാൻ കാലമായതിനാൽ ഭക്ഷണം പാഴ്സൽ നൽകുന്ന സ്ഥാപനങ്ങൾക്ക് ഉച്ചയ്ക്കുശേഷം മറ്റു ദിവസങ്ങളിലെ പോലെ പ്രവർത്തിക്കാൻ അനുമതിയുണ്ടാകും.
കണ്ടെയ്ൻമെന്റ് സോണിൽ കർക്കശമായ നിയന്ത്രണം പാലിക്കുമ്പോൾ ഗ്രീൻ-ഓറഞ്ച്-റെഡ് സോണുകളിൽ നിബന്ധനകൾക്കു വിധേയമായി വാഹനഗതാഗതം അനുവദിച്ചിട്ടുണ്ട്.
വിദേശത്തുനിന്നും തിരിച്ചുവരുന്ന പ്രവാസികൾക്ക് ഡോക്ടർമാരുമായും ബന്ധുക്കളുമായും ആശയവിനിമയം നടത്താൻ സൗജന്യമായി ഓരോ മൊബൈൽ നമ്പർ നൽകുമെന്ന് ബിഎസ്എൻഎൽ അറിയിച്ചിട്ടുണ്ട്. കൈവശമുള്ള മൊബൈൽ നമ്പർ ഡിസ്കണക്ടായിട്ടുണ്ടെങ്കിൽ റീകണക്ട് ചെയ്യുമെന്നും സിം നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ അതേ നമ്പറിൽ പുതിയ സിം കാർഡ് നൽകുമെന്നും ബിഎസ്എൻഎൽ അധികൃതർ അറിയിച്ചു.
നേരത്തേ മരവിപ്പിച്ചു നിർത്തിയിരുന്ന മൂന്ന് പാളം ഇരട്ടിപ്പിക്കൽ പദ്ധതികൾ പുനരുജ്ജീവിപ്പിക്കാനുള്ള തീരുമാനം റെയിൽവെ അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ആലപ്പുഴ, കായംകുളം സെക്ഷനിലെ 69 കിലോമീറ്റർ പാളം ഇരട്ടിപ്പിക്കാൻ 1439 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുക. എറണാകുളം-കുമ്പളം (7.7 കി.മീ) 189 കോടി, കുമ്പളം-തുറവൂർ (15.59 കി.മീ) 250 കോടി, തുറവൂർ-അമ്പലപ്പുഴ (45.7 കി.മീ) 1000 കോടി എന്നിങ്ങനെയാണ് ഇതിന്റെ വിശദാംശങ്ങൾ. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് പഴങ്ങളും പച്ചക്കറിയും തൈകളും അടക്കമുള്ള കാർഷിക വിഭവങ്ങളുടെ കയറ്റുമതിക്കുള്ള അനുമതിയും ലഭിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.