തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയും ഐഎഎസ് ഉദ്യോഗസ്ഥനുമായ ശ്രീറാം വെങ്കിട്ടരാമന്റെ സസ്പെൻഷൻ കാലാവധി നീട്ടി. 90 ദിവസത്തേക്കാണ് സസ്പെൻഷൻ നീട്ടിയത്. നാളെ ഇദ്ദേഹത്തിന്റെ സസ്പെൻഷൻ കാലാവധി അവസാനിക്കാനിരിക്കെയാണ് നടപടി.
ഇദ്ദേഹത്തെ സർവ്വീസിൽ തിരിച്ചെടുക്കാൻ ശുപാർശ ചെയ്തുകൊണ്ടുള്ള റിപ്പോർട്ട് സർക്കാരിന് മുന്നിൽ ചീഫ് സെക്രട്ടറി ടോം ജോസ് അധ്യക്ഷനായ സമിതി ഇന്നലെ നൽകിയിരുന്നു. എന്നാൽ ഈ ശുപാർശ മുഖ്യമന്ത്രി അംഗീകരിക്കാതെ ഇദ്ദേഹത്തിന്റെ സസ്പെൻഷൻ നീട്ടാൻ തീരുമാനിക്കുകയായിരുന്നു.സസ്പെൻഷൻ കാലാവധി ആറ് മാസം പിന്നിട്ട സാഹചര്യത്തിലാണ് സാങ്കേതികത്വം ചൂണ്ടിക്കാട്ടി ശ്രീറാമിനെ തിരിച്ചെടുക്കാൻ ശുപാർശ ചെയ്തത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാനായി പ്രത്യേക അന്വേഷണ കമ്മീഷനെ സർക്കാർ നേരത്തെ നിയമിച്ചിരുന്നു. ഈ അന്വേഷണ കമ്മീഷൻറെ റിപ്പോർട്ട് മൂന്ന് ദിവസത്തിനുള്ളിൽ വരാനിരിക്കെയാണ് പെട്ടെന്നുള്ള ശുപാർശ.പൊലീസ് കുറ്റപത്രം സമർപ്പിക്കാത്തതിനാലും സസ്പെൻഷൻ കാലാവധി ആറ് മാസം പിന്നിടുകയും ചെയ്ത സാഹചര്യത്തിലായിരുന്നു ശുപാർശ.
2019 ഓഗസ്റ്റ് മൂന്നാം തീയതിയാണ് തിരുവനന്തപുരം മ്യൂസിയം ജങ്ഷന് സമീപത്ത് വച്ച് ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് സിറാജ് ദിനപത്രത്തിൻറെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ എം ബഷീർ കൊല്ലപ്പെട്ടത്. അന്നു സർവ്വേ ഡയറക്ടറായിരുന്ന ശ്രീറാമിനെ സർക്കാർ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു.അപകടം നടക്കുമ്പോൾ താനല്ല ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വഫാ ഫിറോസാണ് വാഹനം ഓടിച്ചതെന്നായിരുന്നു ശ്രീറാം ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉദ്യോഗസ്ഥ സമിതിക്ക് നൽകിയിരുന്ന വിശദീകരണം. അപകടസമയത്ത് മദ്യപിച്ചിരുന്നുവെന്ന ആരോപണം നിഷേധിക്കുന്ന ശ്രീറാം മനപൂർവ്വമല്ല അപകടമുണ്ടായതെന്നും പൊലീസ് നടത്തിയ പരിശോധനയിൽ തൻറെ രക്തത്തിൽ മദ്യത്തിൻറെ അംശം കണ്ടെത്തിയിരുന്നില്ലെന്നും നേരത്തെ സമിതിക്ക് നൽകിയ വിശദീകരണത്തിൽ വ്യക്തമാക്കി.