തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1038 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കേരളത്തിൽ ആദ്യമായാണ് ആയിരം കടന്ന് രോഗം സ്ഥിരീകരിച്ചത്. സമ്പർക്കം വഴി 785 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 87 പേർ വിദേശത്ത് നിന്നുള്ളവരും 109 അന്യസംസ്ഥാനത്തുനിന്ന് എത്തിയവരുമാണ്. ഉറവിടം വ്യക്തമാകാത്ത 57 കേസുകൾ ആണ് ഇന്ന് റിപ്പോർട്ട് ചെയ്തത്.
തിരുവനന്തപുരം 226, കൊല്ലം 133, ആലപ്പുഴ 120, പത്തനംതിട്ട 49, കോട്ടയം 51, ഇടുക്കി 43, എറണാകുളം 92, തൃശൂർ 56, പാലക്കാട് 34, മലപ്പുറം 61, കോഴിക്കോട് 25, വയനാട് 04, കണ്ണൂർ 43, കാസർകോട് 101 എന്നിങ്ങനെയാണ് ജില്ലാ തിരിച്ചുള്ള കണക്ക്.
സംസ്ഥാനത്ത് ഇന്ന് കോവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നതോടെ ഹോട്ട് സ്പോട്ടുകളുടെ എണ്ണവും വർധിച്ചു. നിലവിൽ ആകെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 397 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 20,847 സാംപിളുകളാണ് പരിശോധിച്ചത്. 1,59,777 വിവിധ ജില്ലകളിലായി പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. 9031 പേർ ആശുപത്രികളിലുണ്ട്. 1164 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 8818 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 3,18,644 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതിൽ 8320 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതിൽ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അന്തർസംസ്ഥാന തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 1,03951 സാമ്പിളുകൾ ശേഖരിച്ചതിൽ 99,499 സാമ്പിളുകൾ നെഗറ്റീവ് ആയി.