സംസ്ഥാനത്ത് മദ്യവില വർധിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പത്ത് ശതമാനം മുതൽ 35 ശതമാനം വരെ വില വർധിപ്പിക്കാനാണ് തീരുമാനം. ഇതുസംബന്ധിച്ച ഓർഡിനൻസ് ഉടൻ പുറത്തിറക്കും. ബിയറിനും വൈനിനും പത്ത് ശതമാനം വിലയാണ് വർധിക്കുക. ഇന്ത്യൻ നിർമിത വിദേശ മദ്യത്തിനും വില കൂടും. ബാറുകളിൽ നിന്ന് പാഴ്സൽ നൽകാനും വെർച്വൽ ക്യൂ സംവിധാനം നടപ്പാക്കാനും തീരുമാനമായി. മെയ് 17ന് ലോക്ക് ഡൗൺ അവസാനിച്ച ശേഷം മദ്യവിൽപ്പന ആരംഭിക്കാനാണ് ധാരണയായിരിക്കുന്നത്.
ഓൺലൈൻ മദ്യവിൽപ്പനക്കായുള്ള മൊബൈൽ ആപും വെബ്സൈറ്റും തയ്യാറാക്കാനുള്ള കമ്പനിയെ കണ്ടെത്താൻ കേരളാ സ്റ്റാർട്ട് അപ് മിഷന് സർക്കാർ നിർദേശം നൽകി. ബാറുകൾ വഴി മദ്യം പാഴ്സലായി നൽകാൻ നേരത്തെ തന്നെ ധാരണയായതാണ്. ബെവ്കോ, കൺസ്യൂമർ ഫെഡ് ഔട്ട് ലെറ്റുകൾ വഴി മദ്യവിൽപ്പന ആരംഭിക്കുന്നതിനൊപ്പം സ്വകാര്യ ബാറുകളിലെ കൗണ്ടറുകളിലൂടെയും മദ്യവിൽപ്പന തുടങ്ങും. ബെവ്കോയുടെ അതേ വിലയിൽ തന്നെയായിരിക്കണം ബാറുകളിൽ നിന്നുള്ള മദ്യവിൽപ്പനയും. ഓൺലൈനിൽ രജിസ്റ്റർ ചെയ്ത് ക്യൂ സമയം വാങ്ങാം. ഓരോ മണിക്കൂറിനും ക്യൂ തയാറാക്കും. ബാർ കൗണ്ടർ വഴി പാഴ്സൽ വാങ്ങാം. ഇതിനായി അബ്കാരി ചട്ടം ഭേദഗതി ചെയ്യും.