കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും കോവിഡ് 19 ബാധിച്ച് ഒരാൾ കൂടി മരിച്ചതായി റിപ്പോർട്ട്. വടകര സ്വദേശി മോഹനൻ (68) ആണ് മരിച്ചത്. കിഡ്നി, പ്രമേഹം,ഹൃദ്രോഗം എന്നീ രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു ഇയാൾ. സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ഇയാൾക്ക് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ആരോഗ്യ നില വഷളായതിനെ തുടർന്നാണ് ഇയാൾക്ക് മരണം സംഭവിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇന്ന് മൂന്ന് കൊറോണ മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
അതേസമയം വെഞ്ഞാറംമൂട് സ്വദേശി ബഷീർ, തിരുവല്ല കുറ്റൂർ സ്വദേശി മാത്യു എന്നിവരാണ് കൊറോണ ബാധിച്ച് മരിച്ച മറ്റു രണ്ടു പേർ. ചികിത്സയിൽ ഇരിക്കെ കഴിഞ്ഞ ദിവസമാണ് ബഷീർ മരിച്ചത്. തുടർന്ന് നടത്തിയ സ്രവപരിശോധനയിൽ മരണ കാരണം കൊറോണയാണെന്ന് കണ്ടെത്തുകയായിരുന്നു. ബഷീറിന്റെ മൃതദേഹം കൊറോണ പ്രോട്ടോകോൾ പ്രകാരം സംസ്‌കരിക്കും.കൊറോണയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് മാത്യു ചികിത്സയിലിരുന്നത്. മാത്യുവിന് വൃക്ക സംബന്ധമായ അസുഖം ഉണ്ടായിരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.