സംസ്ഥാനത്ത് മെയ് 11 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; മത്സ്യ തൊഴിലാളികൾ കടലിൽ പോകരുത്; കനത്ത ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ്.
മണിക്കൂറിൽ 30 മുതൽ 40 കിമീ വരെ വേഗതയിൽ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്.
അറബിക്കടലിൽ കന്യാകുമാരി മേഖലയിലും, അതിനോട് ചേർന്നുള്ള മാലിദ്വീപ് മേഖലയിലും അടുത്ത 24 മണിക്കൂറിൽ, 35 മുതൽ 45 കി മി വേഗതയിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ട്.
പ്രദേശങ്ങളിൽ, മേൽ പറഞ്ഞ കാലയളവിൽ മത്സ്യ തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ മൽസ്യബന്ധനത്തിൽ ഏർപ്പെടുന്ന മൽസ്യത്തൊഴിലാളികൾ ഇടിമിന്നൽ ഏൽക്കാതിരിക്കാൻ പ്രത്യേകം ജാഗ്രത പാലിക്കണം.
ചെറു വള്ളങ്ങളിലും മറ്റും മൽസ്യബന്ധനത്തിൽ ഏർപ്പെടുന്നവർ ഇടിമിന്നൽ സമയത്ത് വള്ളത്തിൽ നിൽക്കുന്നത് അപകട സാധ്യത വർധിപ്പിക്കാൻ ഇടയുണ്ട്. ആയതിനാൽ ഇത്തരം സമയത്ത് ഇരിക്കുന്നത് ഉചിതമായിരിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വേനൽമഴയോട് അനുബന്ധിച്ചുള്ള ഇടിമിന്നലോട് കൂടിയ മഴ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ അടുത്ത അഞ്ചു 5 ദിവസവും തുടരാൻ സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.