സംസ്ഥാനത്ത് ശ്രീനാരായണ ഗുരുവിന്റെ പേരിൽ ഓപ്പൺ സർവകലാശാല; ഒക്ടോബർ രണ്ടിന് നിലവിൽ വരും

തിരുവനന്തപുരം: സംസ്ഥാനത്ത് ശ്രീനാരായണ ഗുരുവിന്റെ പേരിൽ ഓപ്പൺ സർവകലാശാല സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒക്ടോബർ രണ്ടിന് സർവകലാശാല നിലവിൽ വരുമെന്നും കൊല്ലമായിരിക്കും ആസ്ഥാനമെന്നും നിലവിലെ നാലു സർവകലാശാലകളുടെ വിദൂരവിദ്യാഭ്യാസ സംവിധാനങ്ങൾ സംയോജിപ്പിച്ചാണ് ഓപ്പൺ യൂണിവേഴ്‌സിറ്റി സ്ഥാപിക്കുന്നതെന്നും ഏതു പ്രായത്തിലുള്ളവർക്കും പഠിക്കാൻ അവസരം ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോഴ്‌സ് പൂർത്തിയാകാതെ ഇടയ്ക്കു പഠനം നിർത്തുന്നവർക്ക് അതുവരെയുള്ള പഠനത്തിനനുസരിച്ച് ഡിപ്ലോമ സർട്ടിഫിക്കറ്റ് നൽകാനും ഓപ്പൺ യൂണിവേഴ്‌സിറ്റിക്കു കഴിയും.

ദേശീയ, അന്തർദേശീയ രംഗത്തെ പ്രഗൽഭരായ അധ്യാപകരുടെയും വിദഗ്ധരുടേയും ഓൺലൈൻ ക്ലാസുകൾ സർവകലാശാലയുടെ പ്രത്യേകതയായിരിക്കും. പരമ്പരാഗത കോഴ്‌സുകൾക്ക് പുറമേ നൈപുണ്യ വികസന കോഴ്‌സുകളും ഉണ്ടാകും.ഗുരുവിന് വേണ്ടി ഉചിതമായ സ്മാരകങ്ങളുണ്ടാവുകയെന്നത് ഓരോ മലയാളിയുടെയും ആഗ്രഹമാണ്. അനൗപചാരിക വിദ്യാഭ്യാസത്തിന്റെ പ്രയോക്താവും കേരളീയ നവോത്ഥാനത്തിന്റെ കെടാവിളക്കുമായ ശ്രീനാരായണഗുരുവിന്റെ നാമത്തിൽ കേരളത്തിലെ ആദ്യത്തെ ഓപ്പൺ സർവകലാശാല രൂപീകരിക്കാനുള്ള തീരുമാനം പ്രഖ്യാപിക്കുകയാണ്. ഒക്ടോബർ രണ്ട് ഗാന്ധി ജയന്തി ദിനത്തിലാണ് ഈ ഓപ്പൺ സർവകലാശാല നലവിൽ വരുക. കേരളത്തിലെ പ്രാചീന തുറമുഖനഗരവും തൊഴിലാളി കേന്ദ്രവുമായ കൊല്ലമായിരിക്കും പുതിയ സർവകലാശാലയുടെ ആസ്ഥാനമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *