തിരുവനന്തപുരം: ഡ്രഗ്സ് ആന്റ് കോസ്മെറ്റിക്സ് ആക്റ്റിലെ സെക്ഷൻ 3 (ബി) പ്രകാരം ഹാന്റ് സാനിറ്റൈസറുകൾ മരുന്നിന്റെ നിർവചനത്തിൽ ഉൾപ്പെടുമെന്നും അലോപ്പതി മരുന്നുൽപ്പാദന ലൈസൻസോടെ ഉൽപ്പാദിപ്പിക്കുന്ന ഹാന്റ് സാനിറ്റൈസറുകൾ വിൽക്കുന്നതിന് വിൽപ്പന ലൈസൻസുകൾ വേണമെന്നും ഡ്രഗ്സ് കൺട്രോളർ അറിയിച്ചു. നിലവിൽ ലൈസൻസുകളുളള മരുന്നു വ്യാപാര സ്ഥാപനങ്ങളൊഴികെയുളള മൊത്ത/ചില്ലറ വ്യാപാര സ്ഥാപനങ്ങൾ ഹാന്റ് സാനിറ്റൈസറുകൾ വിതരണവും വിൽപനയും നടത്തുന്നതിന് ലൈസൻസ് എടുക്കണം. ലൈസൻസില്ലാതെ വിൽപ്പന നടത്തുന്നത് ഡ്രഗ്സ് ആന്റ് കോസ്മെറ്റിക്സ് ആക്റ്റ് 1940 ലെ വ്യവസ്ഥകൾക്കു വിരുദ്ധവും കുറ്റകരവും, ശിക്ഷാർഹവുമാണ്. മരുന്നു മൊത്തവ്യാപാര സ്ഥാപനങ്ങൾ, ഫാറം 20എ/20ബി/20 ലൈസൻസുകൾ ഉളള വ്യാപാര സ്ഥാപനങ്ങൾക്ക് മാത്രമേ ഹാന്റ് സാനിറ്റൈസറുകൾ വിൽക്കാവൂ. ആയുർവേദ ലൈസൻസിന്റെ കീഴിൽ ഉൽപ്പാദിപ്പിക്കുന്ന ഹാന്റ് സാനിറ്റൈസറുകൾക്ക് ഈ നിബന്ധനകൾ ബാധകമല്ല. കോസ്മെറ്റിക് ഉൽപ്പാദന ലൈസൻസ് പ്രകാരം നിർമ്മിച്ച് വിതരണം/വിൽപ്പന ചെയ്യുന്ന ഹാന്റ് സാനിറ്റൈസറുകൾ സംസ്ഥാനത്ത് അനുവദിക്കില്ലെന്ന് കൺട്രോളർ അറിയിച്ചു.