സിമന്റിന് അമിത വില; കര്‍ശന നടപടികളുമായി ലീഗൽ മെട്രോളജി വകുപ്പ്

കോട്ടയം:അമിത വില ഈടാക്കി സിമന്റ് വില്പന നടത്തുന്നത് തടയുന്നതിന് കർശന നടപടിയുമായി ലീഗൽ മെട്രോളജി വകുപ്പ്. സിമന്റിന് ലോക്ക് ഡൗണിന് മുൻപുണ്ടായിരുന്നതിലും കൂടുതല്‍ വില ഈടാക്കുന്നതായി ലീഗൽ മെട്രോളജി കൺട്രോൾ റൂമിൽ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. ജില്ലയിലെ വിവിധ സിമന്റ് വ്യാപാര സ്ഥാപനങ്ങളില്‍ വിജിലൻസ് ഉദ്യോഗസ്ഥരുമായി ചേർന്ന് ലീഗൽ മെട്രോളജി ഉദ്യോഗസ്ഥർ പരിശോധന തുടങ്ങി. പാക്കറ്റിൽ രേഖപ്പെടുത്തിയിട്ടുള്ളതിലും കൂടിയ വിലയ്ക്ക് വില്പന നടത്തരുതെന്ന് വ്യാപാരികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പലവ്യഞ്ജനങ്ങൾ, പഴം-പച്ചക്കറികൾ, ബേക്കറി പലഹാരങ്ങൾ, കുപ്പിവെള്ളം എന്നിവയ്ക്ക് ഈടാക്കുന്ന വിലയുമായി ബന്ധപ്പെട്ടും നടപടികള്‍ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഈ മാസം ഇതുവരെ നടത്തിയ പരിശോധനയിൽ 49 വ്യാപാര സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തു. ക്രമക്കേടുകള്‍ക്ക് പിഴയായി 2.42 ലക്ഷം രൂപ ഈടാക്കി.

പൊതു ജനങ്ങൾക്ക് പരാതികൾ സുതാര്യം മൊബൈൽ ആപ്ലിക്കേഷൻ മുഖേന നൽകാം. ലീഗൽ മെട്രോളജി കൺട്രോൾ റൂമിൽ ഫോണ്‍ മുഖേനയും പരാതികൾ അറിയിക്കാം നമ്പരുകള്‍: 8281698 046, 8281698044 , 0481-2582998.

Leave a Reply

Your email address will not be published. Required fields are marked *