ന്യൂഡൽഹി: കൊറോണക്കാലം അവസാനിക്കുന്നതുവരെ സുപ്രീം കോടതി അഭിഭാഷകർക്ക് പുതിയ ഡ്രസ് കോഡ്. കറുത്ത കോട്ടും ഗൗണും ഒഴിവാക്കി വെള്ള ഷർട്ട്, വെള്ള നിറത്തിലുള്ള സൽവാർ കമ്മീസ്, വെള്ള സാരി എന്നിവയായിരിക്കും ഇനി സുപ്രീം കോടതിയിലെ അഭിഭാഷകരുടെ വേഷം. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.
മുൻകരുതലെന്ന നിലയിൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അഭിഭാഷകർ വെള്ളനിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞു വേണം കോടതിയിൽ ഹാജരാകാൻ എന്നാണ് ഉത്തരവിൽ നിർദ്ദേശിച്ചിരിക്കുന്നത്. കറുത്ത വസ്ത്രങ്ങൾ അണിയുമ്പോൾ കൊറോണ വൈറസ് ബാധയേൽക്കാൻ കൂടുതൽ സാധ്യത ഉള്ളതിനാലാണ് തീരുമാനമെന്ന് പൊതു താത്പര്യ ഹർജിയിൽ വാദം കേൾക്കവെ ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.