സുഭാഷ് വാസുവിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

മാവേലിക്കര എസ്എൻഡിപി യൂണിയനിലെ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ മുൻ പ്രസിഡൻറ് സുഭാഷ് വാസുവിന്റെ മുൻ കൂർ ജാമ്യാപേക്ഷ ആലപ്പുഴ ജില്ല കോടതി തള്ളി. 12 കോടി രൂപയുടെ തട്ടിപ്പ് കേസാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സുഭാഷ് വാസുവിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ ക്രൈം ബ്രാഞ്ച് കേസിലെ നിർണായക തെളിവുകൾ കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റിലേക്ക് കടക്കുമെന്ന് കണ്ടാണ് മുൻകൂർ ജാമ്യം തേടി സുഭാഷ് വാസു കോടതിയെ സമീപിച്ചത്. മാവേലിക്കരയിലെ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് കൂട്ടുപ്രതികളായ സുരേഷ് ബാബു, ഷാജി എം പണിക്കർ എന്നിവരുടെയും ജാമ്യാപേക്ഷ കോടതി തള്ളിയിട്ടുണ്ട്.

മാവേലിക്കര എസ്എൻഡിപി യൂണിയനിൽ മൈക്രോഫിനാൻസ് തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ പരാതികളാണ് സുഭാഷ് വാസുവിനെതിരെ ഉള്ളത്. ഈ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് സുഭാഷ് വാസുവിനെ യൂണിയൻ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയത്. എസ്എൻഡിപി യൂണിയനിൽ മൈക്രോ ഫിനാൻസ് ക്രമക്കേടിൽ 12.5 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാരോപിച്ച് മാവേലിക്കര യൂണിയൻ അംഗമായിരുന്ന ദയകുമാറാണ് സുഭാഷ് വാസുവിനെതിരെ കോടതിയെ സമീപിച്ചത്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി സുഭാഷ് വാസുവിന്റെ കായകുളം പള്ളിക്കലിലെ വീട്ടിലിൽ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. ഈ കേസിൽ സുഭാഷ് വാസു ഒന്നാം പ്രതിയും സുരേഷ് കുമാർ എന്ന യൂണിയൻ അംഗം രണ്ടാം പ്രതിയുമാണ്. കേസിൽ ഏഴ് പ്രതികളാണ് ഉള്ളത്. കേസിൽ സുഭാഷ് വാസുവിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് ക്രൈംബ്രാഞ്ച്.

Leave a Reply

Your email address will not be published. Required fields are marked *