കോഴിക്കോട്: തരിശുനിലങ്ങളില്‍ കൃഷിയിറക്കുന്ന ‘സുഭിക്ഷ കേരളം’ പദ്ധതി ജില്ലയില്‍ നടപ്പിലാക്കുന്നതിന് 43.6 കോടി രൂപയുടെ രൂപരേഖയുമായി ജില്ലാ ആസൂത്രണ സമിതി. തരിശുരഹിത ജില്ല എന്നതാണ് ലക്ഷ്യം.
വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പങ്കാളികളാകുന്നതോടുകൂടി പദ്ധതി വിപുലീകരിക്കും. നെല്‍കൃഷിയുടെ കൂലിയിനത്തിലുള്ള ചെലവ്, പച്ചക്കറി സ്വയംപര്യാപ്തത, തരിശു രഹിത കോഴിക്കോട്, സുഫലം, മുട്ട ഗ്രാമം, പോത്തുകുട്ടി ഗ്രാമം, ക്ഷീരഗ്രാമം, കിടാരി ഗ്രാമം, ആട് ഗ്രാമം, കോഴി ഗ്രാമം, കാലിത്തീറ്റ സബ്സിഡി , തീറ്റപ്പുല്‍കൃഷി, ഓരുജല കൂട് മത്സ്യകൃഷി, ശുദ്ധജല കൂട് മത്സ്യകൃഷി, പടുതാകുളം മത്സ്യകൃഷി, തൊഴുത്ത് നിര്‍മ്മാണം, അലങ്കാര മത്സ്യകൃഷി, മില്‍ക്ക് ഇന്‍സന്റീവ് തുടങ്ങി ഉത്പാദന മേഖലയില്‍ വന്‍ കുതിച്ചു ചാട്ടമുണ്ടാക്കാന്‍ കഴിയുന്ന സമഗ്ര പദ്ധതിയാണ് ജില്ലയിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തയ്യാറാക്കി ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരത്തോടെ നടപ്പിലാക്കുന്നത്.
പദ്ധതി ഫണ്ടിന് പുറമെ ധനകാര്യ സ്ഥാപനങ്ങളുടെ വായ്പാ പദ്ധതി വഴി ജെഎല്‍ജി ഗ്രൂപ്പുകള്‍ വിപുലമായ പദ്ധതി ആവിഷ്ക്കരിക്കും. തൊഴില്‍രഹിതരായ യുവതീയുവാക്കള്‍ക്ക് ഡയറി ഫാം ,മത്സ്യകൃഷി തുടങ്ങിയ തൊഴില്‍ സംരംഭക പരിപാടികളിലൂടെ കൂടുതല്‍ തൊഴില്‍ നല്‍കാനും ഉല്പാദനം വര്‍ധിപ്പിക്കാനും ജില്ലാ ആസൂത്രണ സമിതി ലക്ഷ്യമിടുന്നു. തരിശായിക്കിടന്ന കൃഷിയിടങ്ങള്‍ കിഴങ്ങ് കരനെല്‍ പച്ചക്കറി കൃഷികളിലൂടെ സാമൂഹ്യ സംഘടനകളും പൊതുജനങ്ങളും മുന്‍കൈയെടുത്ത് പ്രയോജനപ്പെടുത്തി വരികയാണ്.