സിങ്കപ്പൂർ: സിങ്കപ്പൂരിൽ ഹെറോയിൻ കടത്ത്് കേസിലെ പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി. സൂം ആപ്പിലൂടെയാണ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. സൂം വീഡിയോ കോളിലൂടെ വധശിക്ഷ വിധിക്കുന്ന സിങ്കപ്പൂരിലെ ആദ്യത്തെ സംഭവമാണ് ഇത്. മലേഷ്യക്കാരനായ പുനിതൻ ഗണേശനെയാണ്് വധശിക്ഷയ്ക്ക് വിധിച്ചത്. കൊവിഡ് വ്യാപനത്തെ തുടർന്ന് രാജ്യം ലോക്ക്ഡൗണിലായ സാഹചര്യത്തിലാണ് വിധി വീഡിയോ കോളിലൂടെ പുറപ്പെടുവിച്ചത്.
2011ലാണ് ഹെറോയിൽ കടത്ത് കേസിൽ ഗണേഷൻ അറസ്റ്റിലാകുന്നത്. ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി എല്ലാവരുടെയും സുരക്ഷ പരിഗണിച്ചാണ് കോടതി വീഡിയോ കോളിലൂടെ കേസിൽ വാദം കേട്ടതെന്ന് സിംഗപ്പൂർ സുപ്രീംകോടതി വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. സിംഗപ്പൂരിൽ ആദ്യമായാണ് ക്രിമിനൽ കേസിൽ പ്രാദേശികമായി വധശിക്ഷ വിധിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ തന്റെ കക്ഷി വിധി കേട്ടത് സൂം വീഡിയോ കോളിലൂടെയാണെന്നും ഹർജി നൽകുമെന്നും പുനിതൻ ഗണേശന്റെ അഭിഭാഷകൻ പീറ്റർ ഫെർണാണ്ടോ പറഞ്ഞു. വധശിക്ഷ വിധിക്കുന്ന കേസിൽ സൂം ആപ്പ് ഉപയോഗിച്ചതിനെതിരെ മനുഷ്യാവകാശ പ്രവർത്തകരും വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.