സെക്രട്ടേറിയറ്റ് ജീവനക്കാർക്കായി തിങ്കളാഴ്ച മുതൽ കെഎസ്ആർടിസി പ്രത്യേക സർവീസുകൾ ആരംഭിക്കും. ഒൻപത് സർവീസുകളായിരിക്കും ഉണ്ടാവുക. രാവിലെ 8.50 മുതൽ സർവീസുകൾ ആരംഭിക്കും. തിരുവനന്തപുരം നഗരത്തിലെ ഒമ്പത് സ്ഥലങ്ങളിൽ നിന്നും സെക്രട്ടേറിയറ്റിലേക്കും തിരിച്ചുമാണ് പ്രത്യേക സർവീസ് നടത്തുക.വാഹനങ്ങളില്ലാത്ത ജീവനക്കാർക്കും സ്ത്രീകൾക്കും ഓഫീസിലെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് പ്രത്യേക സർവീസ് നടത്താൻ കെഎസ്ആർടിസിക്ക് സർക്കാർ നിർദേശം നൽകിയത്. കാട്ടാക്കട, പൂവാർ, ആര്യനാട്, കിളിമാനൂർ, ആറ്റിങ്ങൽ, നെയ്യാറ്റിൻകര, വിഴിഞ്ഞം, നെടുമങ്ങാട് എന്നിവിടങ്ങളിൽ നിന്നുമാണ് ജീവനക്കാരുമായി കെഎസ്ആർടിസി സർവീസ് നടത്തുക.
സർവീസുകൾ നടത്തുന്ന ബസുകളിൽ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് കെഎസ്ആർടിസി എംഡി അറിയിച്ചിട്ടുണ്ട്. എത് ബസ് സ്റ്റോപ്പിൽ നിന്ന് കയറിയാലും സർവീസിനായി നിശ്ചയിച്ചിരിക്കുന്ന ഏകീകൃത നിരക്കായിരിക്കും ഈടാക്കുക. പണമിടപാട് ഒഴിവാക്കാൻ ടിക്കറ്റിന് പകരം പ്രത്യേക പാസ് നടപ്പിലാക്കുന്നത് ആലോചനയിലാണ്.