സ്ത്രീധനം സ്്ത്രീയെ സുരക്ഷിതയാക്കുമോ?

വിവാഹകമ്പോളത്തിൽ നല്ലവിലപേശി വിൽപ്പനച്ചരക്കാക്കുകയാണോ നമ്മുടെ പെൺകുട്ടികളെ. സ്ത്രീധനം അവൾക്ക് സംരംക്ഷണം നൽകുമോ. സ്ത്രീധന സംബ്രദായത്തിലെ അവസാന ഇരയായ ഉത്രയുടെ മരണം സൂചിപ്പിക്കുന്നത് സ്ത്രീധനം അവൾക്ക് സംരക്ഷണം നൽകുന്നില്ലയെന്നുതന്നെയാണ്. നൂറുപവൻ സ്വർണവും വലിയൊരു തുക സ്ത്രീധനവും നൽകിയാണ് ഉത്രയും പറക്കോട്ട് സ്വദേശിയായ സൂരജും തമ്മിലുള്ള വിവാഹം നടന്നത്. ഒടുവിൽ സൂരജ് തന്നെ മൂർഖൻ പാമ്പിനെകൊണ്ട് കടിപ്പിച്ച് ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു.


ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ഗാർഹിക പീഡന നിരോധന നിയമം, സ്ത്രീധന നിരോധന നിയമം എന്നീ വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്. സൂരജിന്റെ വീട്ടുകാരും വനിതാ കമ്മീഷന്റെ പ്രതിപട്ടികയിലുണ്ട്.
സ്ത്രീകൾക്ക് മാത്രമായ ചില അവകാശങ്ങൾ നമ്മുടെ നിയമം അനുശാസിക്കുന്നുണ്ട്. സ്ത്രീസുരക്ഷ ഉറപ്പാക്കാൻ അവരുടെ അവകാശസംരക്ഷണത്തിന് നിയമനിർമ്മാണം നടത്താൻ ഭരണകൂടത്തിന് ഭരണഘടന അധികാരം കൊടുത്തിട്ടുണ്ട്. സ്ത്രീധനമരണം നമ്മൾ ഒരുപാട് കേട്ടിട്ടുണ്ട്. എന്നാൽ ഉത്രയുടെ കാര്യത്തിൽ വലിയൊരുതുക സ്ത്രീധനം നൽകിയാണ് മാതാപിതാക്കൾ അവളെ വിവാഹം കഴിപ്പിച്ചയച്ചത്. എന്നിട്ടും എന്തുകൊണ്ട് സുരക്ഷിതയായില്ല ആ പെൺകുട്ടി? സ്ത്രീധനമരണമായാണ് ഉത്രയുടെ മരണത്തെയും നമുക്ക് കാണാൻ സാധിക്കുക. വിവാഹം കഴിഞ്ഞ് ഏഴുവർഷത്തിനുള്ളിൽ ഒരു സ്ത്രീ രോഗംമൂലമല്ലാതെ അസാധരണ സാഹചര്യത്തിൽ മരണപ്പെട്ടാൽ, അവർ മരിക്കുന്നതിനുമുമ്പ് അവരെ ഭർത്താവും ബന്ധുക്കളും മാനസികമായോ ശാരീരികമായോ ഉപദ്രവിച്ചിരുന്നു എന്ന് ബോധ്യപ്പെട്ടാൽ ഇന്ത്യൻ പീനൽകോഡിലെ 306 -ാം വകുപ്പ് പ്രകാരം സ്ത്രീധനമരണമായി കണക്കാക്കും.


1961 ലെ സ്ത്രീധന നിരോധനനിയമം അനുസരിച്ച് സ്ത്രീധനം വാങ്ങുന്നതും, കൊടുക്കുന്നതും അഞ്ച് വർഷംവരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. സ്ത്രീധനം നേരിട്ടോ അല്ലാതെയോ ചോദിക്കുന്നത് ആറുമാസം മുതൽ 2 വർഷംവരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. എന്നാൽ സ്ത്രീധനവുമായി ബന്ധപ്പെട്ട കേസുകളിൽ ളിക്ഷിക്കപ്പെടുന്നത് വെറും 15 ശതമാനം ആളുകൾ മാത്രമാണ് . കഴിഞ്ഞവർഷംമാത്രം പതിനാറ് നിരപരാധികളായ സ്ത്രീകളാണ് സ്ത്രീധന സംബ്രദായത്തിന്റെ ഇരകളായി ക്രൂരമായി കൊല്ലപ്പെട്ടത്. സ്ത്രീധന സംബന്ധിയായി ഉണ്ടാകുന്ന കൊലപാതകങ്ങൾക്ക് ഏഴുവർഷം മുതൽ ജീവപര്യന്തംവരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമായിരിക്കുന്ന നാട്ടിലാണ് ഇത്രമാത്രം മനുഷ്യത്വരഹിതമായ കൊലപാതകങ്ങൾ നടന്നിരിക്കുന്നത്. ഇന്ത്യയിൽ സ്ത്രീധനപീഢനങ്ങളുടെപേരിൽ ഒരു ദിവസം 25 മരണങ്ങൾ നടക്കുന്നുണ്ടെന്നാണ് കേന്ദ്രവനിതാക്ഷേമവകുപ്പിന്റെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *