സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ തിരക്കിലാണ്

മാസ്‌ക്ക് ധരിക്കാതെ പുറത്തിറങ്ങുന്നവരെ കൈയോടെ പിടികൂടി അടിമാലിയിലെ രണ്ട് സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ.കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പുറത്തിറങ്ങുന്നവർ മുഖാവരണം ധരിക്കണമെന്ന് നിർദ്ദേശമുണ്ടെങ്കിലും ഇനിയും നിർദ്ദേശം പാലിക്കാൻ തയ്യാറാകാത്തവർ ധാരാളമുണ്ട്. ഈ സാഹചര്യത്തിൽ അടിമാലിയിൽ മുഖാവരണമില്ലാതെ പുറത്തിറങ്ങുന്നവരെ കൈയ്യോടെ പിടികൂടി മാസ്‌ക്ക് ധരിപ്പിക്കുകയാണ് മിന്നു ഷാജുവും അദിരൂപയും. 9 താം ക്ലാസ് വിദ്യാർത്ഥികളായ ഇരുവരും അടിമാലി സർക്കാർ ഹൈസ്‌ക്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളാണ്. അവരവരുടെ വീടുകളിൽ നിർമ്മിക്കുന്ന മാസ്‌കുകളാണ് വിദ്യാർത്ഥികൾ നൽകുന്നത്.
ആളുകൾ മുഖാവരണമില്ലാതെ പുറത്തിറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് തങ്ങൾ ഇത്തരമൊരു കാര്യവുമായി രംഗത്തെത്തിയതെന്ന് വിദ്യാർത്ഥിനികൾ പറഞ്ഞു. അയൽക്കാരായ ഇരുവരും നാടിനുവേണ്ടി ലോക്ക് ഡൗൺകാലത്ത് തങ്ങളാൽ കഴിയുന്ന സേവനങ്ങൾ ചെയ്യണമെന്ന് തീരുമാനിക്കുകയായിരുന്നു. ലോക്ക് ഡൗൺകാലത്തുതന്നെ പേപ്പർ ബാഗുകൾ നിർമ്മിച്ച് കടകളിൽ വിൽപന നടത്താനും ഈ കൂട്ടുകാർ ആലോചിക്കുന്നുണ്ട്. അതിൽ നിന്ന് ലഭിക്കുന്ന വരുമാനം സ്‌കൂൾ തുറക്കുമ്പോൾ സുഹൃത്തുക്കൾക്ക് പുസ്തകങ്ങളും ബുക്കുകളും വാങ്ങാൻ നൽകണമെന്നുമാണ് ഇരുവരുടെയും ആഗ്രഹം.ലോക്ക്ഡൗൺ കാലത്ത് നാടിനു മാതൃകയായ കുട്ടികൾക്ക് സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്നും മികച്ച പിന്തുണയും ലഭിക്കുന്നുണ്ട്. ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ വിവിധ ആവശ്യങ്ങൾക്കായി നിരവധി ആളുകൾ അടിമാലിയിൽ എത്തുന്നുണ്ട്. ടൗണിലേക്കെത്തുന്ന ഇടവഴികൾ കേന്ദ്രീകരിച്ചാണ് വിദ്യാർത്ഥിനികൾ മുഖാവരണമില്ലാതെത്തുന്നവരെ കാത്തു നിൽക്കുന്നത്.മാസ്‌ക്ക് ധരിപ്പിക്കുന്നതിനൊപ്പം മാസ്‌ക്ക് ധരിക്കേണ്ടതിന്റെയും ജാഗ്രതപുലർത്തേണ്ടതിന്റെയും ആവശ്യകത കൂടി വിദ്യാർത്ഥികൾ പൊതുജനങ്ങൾക്ക് പറഞ്ഞുകൊടുക്കുന്നു.വിദ്യാർത്ഥികളുടെ കോവിഡ് കാലത്തെ സേവനത്തിന് പിന്തുണയുമായി അടിമാലി പോലീസും രംഗത്തുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *