ന്യൂഡല്‍ഹി: തിരുവനന്തപുരം വിമാനത്താവളത്തില്‍ നടന്ന സ്വര്‍ണക്കടത്ത് കേസ് പ്രതിയും കൊടുങ്ങല്ലൂര്‍ മൂന്നുപീടിക സ്വദേശിയുമായ ഫൈസല്‍ ഫരീദിന്റെ പാസ്പോര്‍ട്ട് കേന്ദ്രം റദ്ദാക്കി. സെന്‍ട്രല്‍ കസ്റ്റംസിന്റെ ആവശ്യപ്രകാരം കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റേതാണ് നടപടി. ഇക്കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തേയും ബ്യൂറോ ഓഫ് എമിഗ്രേഷനെയും അറിയിച്ചിട്ടുണ്ട്.
കേസിലെ മൂന്നാം പ്രതിയും ദുബയില്‍ വ്യാപാരിയുമാണ് ഫൈസല്‍ ഫരീദ്. ഇയാളാണ് നയതന്ത്ര ബാഗേജ് എന്നപേരില്‍ യുഎഇയില്‍ നിന്ന് സ്വര്‍ണം അയച്ചതെന്നാണ് എന്‍ ഐഎ ആരോപണം. കേസന്വേഷത്തിന്റെ ഭാഗമായി ഫൈസല്‍ ഫരീദിനെ ഉടന്‍ ഇന്ത്യയിലെത്തിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണു റിപോര്‍ട്ട്. നേരത്തേ സ്വര്‍ണക്കടത്ത് കേസില്‍ ഫൈസല്‍ ഫരീദിന്റെ പേര് ഉയര്‍ന്നുവന്നപ്പോള്‍ ആരോപണങ്ങളെല്ലാം നിഷേധിച്ച് രംഗത്തെത്തുകയും പേരിലെ സമാനത മാത്രമാണ് എനിക്കുള്ളതെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നെങ്കിലും എന്‍ ഐഎ ഇദ്ദേഹം തന്നെയാണ് പ്രതിയെന്ന് അറിയിച്ചിരുന്നു. അന്വേഷണം മുറുകുകയാണെന്നു ബോധ്യപ്പെട്ടതോടെ ഫൈസല്‍ ഫരീദ് ദുബയ് ഷറഫിയ്യയില്‍ നിന്നു മാറിയതായാണു വിവരം.
അതേസമയം ഫൈസല്‍ ഫരീദിനെതിരേ എന്‍ഐഎ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരിക്കുകയാണ്. ഇയാളെ കണ്ടെത്താന്‍ ഇന്റര്‍പോള്‍ വഴി ബ്ലൂകോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനും നീക്കം നടത്തുന്നുണ്ട്. അതിനിടെ ദുബയ് പോലിസ് ഫൈസല്‍ ഫരീദിന്റെ മൊഴിയെടുത്തതായും റിപോര്‍ട്ടുകളുണ്ട്.