കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതി കെടി റമീസിന് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. കൊച്ചിയിലെ സാമ്പത്തിക കാര്യ കോടതിയാണ് ജാമ്യം അനുവദിച്ചത്. എന്നാൽ എൻഐഎ കേസുള്ളതിനാൽ റമീസിന് ജാമ്യത്തിൽ പുറത്തിറങ്ങാനാകില്ല. രണ്ട് ലക്ഷം രൂപയുടെ ബോണ്ടും ആൾജാമ്യവും വേണം. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണം. കുറ്റപത്രം സമർപ്പിക്കും വരെയാണ് ഹാജരാകേണ്ടത്. പാസ്പോർട്ട് കോടതിയിൽ കെട്ടിവയ്ക്കണം. കേസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇടപെടരുത് തുടങ്ങിയവയാണ് ഉപാധികൾ.
തിരുവനന്തപുരം സ്വർണക്കടത്ത് കേസ് ഒരു സുപ്രധാന ഘട്ടം പിന്നിട്ടു നിൽക്കുമ്പോഴാണ് മുഖ്യ ആസൂത്രകനായ കെ ടി റമസിന് ജാമ്യം കിട്ടുന്നത് എന്നത് ശ്രദ്ധേയമായ കാര്യമാണ്. എന്നാൽ റമീസ് പുറത്തിറങ്ങാത്തതിനാൽ തന്നെ കേസന്വേഷണത്തെ ഇത് ഒരു തരത്തിലും ബാധിക്കില്ല എന്നുതന്നെയാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. അതേസമയം കേസിലെ മറ്റൊരു പ്രതി അൻവറിനെ കോടതി എൻഐഎയുടെ കസ്റ്റഡിയിൽ വിട്ടുനൽകി. വിശദമായ ചോദ്യം ചെയ്യലിനാണിത്. ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ അൻവറിനെ ചോദ്യം ചെയ്യേണ്ടതുണ്ട് എന്ന് അന്വേഷണ സംഘം കോടതിയെ ബോധിപ്പിച്ചിരുന്നു. സ്വപ്നയെയും കസ്റ്റഡിയിൽ വേണമെന്ന് എൻഐഎ ആവശ്യപ്പെട്ടു. ഇവരുടെ മെഡിക്കൽ റിപ്പോർട്ട് ലഭിച്ച ശേഷം ഇക്കാര്യത്തിൽ കോടതി തീരുമാനമെടുക്കും.