തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നടന്ന സ്വർണക്കടത്ത് കേസിൽ ഇന്ന് രണ്ട് പേരെ കൂടി കൊച്ചി എൻഐഎ യൂണിറ്റ് അറസ്റ്റ് ചെയ്തു. മുഹമ്മദലി, മുഹമ്മദ് ഇബ്രാഹിം എന്നിവരാണ് അറസ്റ്റിലായത്. മുഹമ്മദ് ഇബ്രാഹിമിന് കൈവെട്ട് കേസുമായി ബന്ധമുണ്ടെന്ന് എൻഐഎ പറയുന്നു.
മുഹമ്മദലി ജ്വല്ലറി ശൃംഖലയുടെ ഉടമയാണ്. സ്വർണം വന്നതും ഫണ്ട് പോയതുമായി ബന്ധപ്പെട്ടാണ് ഇവരെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. മാത്രമല്ല സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിൽ നിന്ന് മൂന്നുപേരെ ഇന്ന് എൻഐഎ കസ്റ്റഡിയിലെടുത്തിരുന്നു. തിരുച്ചിറപ്പള്ളിയിൽ നിന്നുള്ള ഏജൻറുമാരാണ് പിടിയിലായത്. അനധികൃതമായി എത്തിച്ച സ്വർണം വിൽക്കാൻ സഹായിച്ചവരാണിത്. അതേസമയം സ്വർണ കള്ളക്കടത്ത് കേസിലെ പ്രതികൾ അറ്റാഷെയേയും പറ്റിച്ചു. നയതന്ത്ര ബാഗിൽ എത്തിക്കുന്ന സ്വർണത്തിന്റെ അളവ് അറ്റാഷെയോട് കുറച്ചായിരുന്നു പറഞ്ഞിരുന്നതെന്ന് സ്വപ്നയും, സന്ദീപും കസ്റ്റംസിന് മൊഴി നൽകി. അറ്റാഷെ കൂടുതൽ കൈക്കൂലി ആവശ്യപ്പെടാതിരിക്കാനായിരുന്നു അളവ് കുറച്ച് പറഞ്ഞിരുന്നതെന്നും പ്രതികളുടെ മൊഴിയിലുണ്ട്.