തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച കേസിൽ വ്യാപക റെയ്ഡും തെളിവെടുപ്പുമായി അന്വേഷണ സംഘം. അന്വേഷണത്തിന്റെ ഭാഗമായി സന്ദീപ് നായരെ രാവിലെ ഹെതർ ഫൽറ്റ് അടക്കമുള്ള കേന്ദ്രത്തിലെത്തിച്ചും സ്വപ്നാ സുരേഷ്, സരിത്ത് എന്നിവരെ വിവിധ കേന്ദ്രങ്ങളിലെത്തിച്ചും തെളിവെടുപ്പ് നടത്തി. കേസിൽ ഗൂഡാലോചന നടത്തിയ സ്വപ്ന താമസിച്ചിരുന്ന ഫ്‌ളാറ്റിലും എൻഐഎ സംഘം സ്വപ്നയെ എത്തിച്ച് പരിശോധന നടത്തി. എതെങ്കിലും തരത്തിലുള്ള ഡിജിറ്റൽ രേഖകളും മറ്റും കണ്ടെത്തുകയാണ് ലക്ഷ്യം.
അതേസമയം നയതന്ത്ര ബാഗ് അയക്കാൻ ഫൈസൽ ഫരീദിനെ ചുമതലപ്പെടുത്തിയത് അറ്റാഷെയാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. അറ്റാഷെയുടെ പേരിലുള്ള കത്ത് ട്വന്റിഫോറിന് ലഭിച്ചു. തന്റെ അസാന്നിധ്യത്തിൽ ഫൈസൽ ഫരീദ് കാർഗോ അയക്കുമെന്നാണ് കത്തിൽ പറഞ്ഞിരിക്കുന്നത്. ദുബൈയിലെ സ്‌കൈ കാർഗോ കമ്പനിക്കാണ് കത്ത് നൽകിയത്. അറ്റാഷെയുടെ പേരിലുള്ള കത്ത് കസ്റ്റംസ് പിടിച്ചെടുത്തു. കാർഗോ പുറപ്പെടുന്നതിനു മുൻപാണ് ഫൈസലിനെ ചുമതലപ്പെടുത്തി കത്ത് നൽകിയത്. കത്ത് ഫൈസൽ ഫരീദ് വ്യാജമായി നിർമ്മിച്ചതാണോ എന്നും കസ്റ്റംസ് പരിശോധിക്കുന്നുണ്ട്.
ഫൈസൽ ഫരീദിനായി ഇന്റർപോൾ വഴി ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ത്യയുടെ അഭ്യർത്ഥന പ്രകാരമാണ് നോട്ടിസ് പുറപ്പെടുവിച്ചത്. ഏത് വിമാനത്താവളം വഴി കടന്നാലും പിടികൂടാനാണ് നടപടി.