കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച കേസിൽ എൻഐഎ അറസ്റ്റ് ചെയ്തവരിൽ കൈവെട്ടു കേസ് പ്രതിയും. കേസിൽ ആറ് പേരെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു. എറണാകുളം മലപ്പുറം ജില്ലകളിലായി ആറിടത്ത് തിരച്ചിൽ നടത്തിയതായും എൻഐഎ വാർത്താക്കുറിപ്പിൽ അറിയിച്ചു. ജൂലൈ, 30.31, ഇന്നലെ എന്നീ ദിവസങ്ങളിലായാണ് പുതിയ അറസ്റ്റുകൾ. അതേസമയം ഇന്ന് അറസ്റ്റിലായവരുടെ വീടുകളിൽ എൻഐഎ സംഘം തിരച്ചിൽ നടത്തിയിരുന്നു. 6 ഇടങ്ങളിലായാണ് പരിശോധന നടത്തിയത്. എറണാകുളം ജില്ലയിൽ പ്രതികളായ ജലാൽ എ. എം, റാബിൻസ് ഹമീദ് എന്നിവരുടെ വസതികളിലും, മലപ്പുറം ജില്ലയിൽ റമീസ് കെ. ടി., മുഹമ്മദ് ഷാഫി, സെയ്ദ് അലവി, അബ്ദു പി എന്നിവരുടെ വീടുകളിലുമായിരുന്നു തിരച്ചിൽ. തിരച്ചിലിനിടെ രണ്ട് ഹാർഡ് ഡിസ്കുകൾ, ഒരു ടാബ്ലെറ്റ് പിസി, എട്ട് മൊബൈൽ ഫോണുകൾ, ആറ് സിം കാർഡുകൾ, ഒരു ഡിജിറ്റൽ വീഡിയോ റെക്കോർഡർ, അഞ്ച് ഡിവിഡികൾ എന്നിവയും ബാങ്ക് പാസ്ബുക്കുകൾ, ക്രെഡിറ്റ് കാർഡുകൾ, ഡെബിറ്റ് കാർഡുകൾ, യാത്രാ രേഖകൾ, പ്രതികളുടെ തിരിച്ചറിയൽ രേഖകൾ എന്നിവയും പിടിച്ചെടുത്തതായും എൻഐഎ പറഞ്ഞു.
അറസ്റ്റിലായ പ്രതി റമീസിനൊപ്പം യുഎഇ കോൺസുലേറ്റിലേക്കുള്ള നയതന്ത്ര ബാഗേജുകൾ വഴി സ്വർണം കടത്തുന്നതിനുള്ള ഗൂഡാലാചനയിൽ പങ്കാളികളായെന്ന് കണ്ടെത്തിയ രണ്ട് പേരെയാണ് ജൂലൈ 30ന് അറസ്റ്റ് ചെയ്തതെന്ന് എൻഐഎ പറഞ്ഞു. എറണാകുളം മൂവാറ്റുപുഴ സ്വദേശി ജലാൽ എഎം, മലപ്പുറം വേങ്ങര സ്വദേശി സെയ്ദ് അലവി എന്നിവരായിരുന്നു അറസ്റ്റിലായത്. 31 ന് മലപ്പുറം ഐക്കരപ്പടി സ്വദേശിയായ മുഹമ്മദ് ഷാഫി, കോട്ടക്കൽ സ്വദേശി അബ്ദു പി ടി എന്നിവരെയും സമാന ചാർജുകളിൽ അറസ്റ്റ് ചെയ്തിരുന്നു. ഇന്നലെ മൂവാറ്റുപുഴ സ്വദേശികളായ മുഹമ്മദലി ഇബ്രാഹിം, മുഹമ്മദ് അലി എന്നിവരെയും അറസ്റ്റ് ചെയ്തു. അറസ്റ്റിലായ ജലാൽ എഎമ്മിനെ ഇവർ സഹായിച്ചതായും ഗൂഢാലോചനയുടെ ഭാഗമായെന്നും വ്യക്തമായതായും മുഹമ്മദലി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ അംഗമാണെന്നും എൻഐഎ വാർത്താ കുറിപ്പിൽ വ്യക്തമാക്കി. മൂവാറ്റുപുഴയിൽ അദ്ധ്യാപകന്റെ കൈവെട്ടിയ കേസിൽ ഇയാൾക്കെതിരേ പോലീസ് കുറ്റപത്രം പുറപ്പെടുവിച്ചിരുന്നു. എന്നാൽ 2015ൽ വിചാരണയ്ക്ക് ശേഷം മുഹമ്മദലി കുറ്റവിമുക്തനാക്കപ്പെട്ടിരുന്നു.