കൊച്ചി: തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ മന്ത്രി കെ ടി ജലീനെ എൻഐഎ ചോദ്യം ചെയ്തു. ഇന്ന് രാവിലെ അഞ്ചരയോടെ എൻഐഎ ഓഫീസിൽ നടന്ന ചോദ്യംചെയ്യൽ ആറു മണിക്കൂറുകൾ നീണ്ടു നിന്നു. ചോദ്യം ചെയ്യലിനെത്തിയ ജലീലിനെ വൈകുന്നേരം അഞ്ച് മണിയോടെയാണ് വിട്ടയച്ചത്. സ്വകാര്യ വാഹനത്തിലാണ് ജലീൽ മടങ്ങിയത്. പൂർണ സന്തോഷവാനാണെന്നും ഒന്നും മറച്ചുവയ്ക്കാനില്ലെന്നും ജലീൽ മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം സ്വർണക്കടത്തു കേസുമായി ബന്ധമുള്ളവരെയാണ് ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതെന്നും ജലീലിനെ സാക്ഷിയാക്കാൻ ഇപ്പോൾ തീരുമാനിച്ചിട്ടില്ലെന്നും എൻഐഎ വൃത്തങ്ങൾ അറിയിച്ചു.
ചാനലുകളുടെ കണ്ണ് വെട്ടിച്ച് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ജലീൽ ഇന്നും ശ്രമം നടത്തിയത്. ഇതിനായി രാത്രി ഹാജരാകട്ടെ എന്നും ഓൺലൈനിലൂടെ ചോദ്യം ചെയ്യണമെന്നും ജലീൽ അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടതായാണ് സൂചന. എന്നാൽ ജലീൽ കൊച്ചിയിൽ എത്തിയ സമയത്ത് മാധ്യമ പ്രവർത്തകരും സ്ഥലത്തുണ്ടായിരുന്നു. ഇതോടെ മന്ത്രി എൻഐഎ ഓഫിസിൽ കയറുന്നതിന്റെ വീഡിയോയും പുറത്തുവന്നു. നയതന്ത്ര ചാനലിലൂടെ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ മതഗ്രന്ഥങ്ങൾ എത്തിയതും അത് വിതരണം ചെയ്യാൻ സർക്കാർ വാഹനം ഉപയോഗിച്ചതുമാണ് പ്രധാനമായും ചോദിച്ചത്. പ്രോട്ടോകോൾ ലംഘനം മന്ത്രിയുടെ അറിവോടെയായിരുന്നുവോ എന്നും ഉദ്യോഗസ്ഥർ ആരാഞ്ഞു.
സ്വപ്നയുമായുള്ള ടെലഫോൺ സംഭാഷണങ്ങളും ബന്ധവും എൻഐഎ ചോദിച്ചറിഞ്ഞു. തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ആലപ്പുഴയിലടക്കംമന്ത്രിക്ക് നേരെ പ്രതിഷേധക്കാർ കരിങ്കൊടി വീശി. രാവിലെ മുതൽ എൻഐഎ ഓഫീസ് പരിസരം മുഴുവൻ കനത്ത പൊലീസ് സുരക്ഷയിലായിരുന്നു. പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
