കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ ആവശ്യം തള്ളി കോടതി. വാദത്തിനിടെയാണ് ജാമ്യം നൽകണമെന്ന് സ്വപ്ന ആവശ്യപ്പെട്ടത്. അതോടൊപ്പം സ്വപ്ന അടക്കം 12 പ്രതികളുടെ റിമാൻഡ് കാലാവധി അടുത്ത മാസം എട്ടാം തീയതി വരെ നീട്ടി. കൊച്ചി എൻഐഎ കോടതിയാണ് പ്രതികളുടെ റിമാൻഡ് കാലാവധി നീട്ടിയത്.
വീഡിയോ കോൺഫറൻസിംഗ് വഴിയാണ് പ്രതികളെ ഹാജരാക്കിയത്. ശാരീരിക അവശതകളുണ്ടെന്നും, പ്രയാസങ്ങളുണ്ടെന്നും, അതിനാൽ ജാമ്യം തരണമെന്നും സ്വപ്ന സുരേഷ് കോടതിയിൽ പറഞ്ഞു. എന്നാൽ ജാമ്യ അപേക്ഷ തള്ളിയ കോടതി, സ്വപ്നയ്ക്ക് ബന്ധുക്കളെ കാണാൻ അനുമതി നൽകാൻ ജയിലധികൃതരോട് നിർദേശിച്ചു. എൻഐഎ കസ്റ്റഡിയിൽ ഉള്ള 4 പ്രതികളെയും അടുത്ത മാസം 10 വരെ റിമാൻഡ് ചെയ്തിട്ടുണ്ട്. സന്ദീപ് നായർ, മുഹമ്മദ് അൻവർ, ഷമീം, മുഹമ്മദ് അലി, എന്നിവരെ ആണ് റിമാൻഡ് ചെയ്തത്.