തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച കേസിലെ മുഖ്യ പ്രതിയായ സ്വപ്ന സുരേഷിന്റെ പേരിലുള്ള ഫിക്സഡ് ഡെപ്പോസിറ്റുകൾ മരവിപ്പിക്കാൻ ബാങ്കുകൾക്ക് കസ്റ്റംസ് നിർദേശം നൽകി.
ആദ്യം കണ്ടെത്തിയതുകൂടാതെ ഇവരുടെ തിരുവനന്തപുരത്തെ എസ്.ബി.ഐ ബാങ്ക് ലോക്കറിൽ നിന്ന് സ്ഥിര നിക്ഷേപമായി സൂക്ഷിച്ച ഒരു അക്കൗണ്ടിൽ നിന്ന് 45 ലക്ഷം രൂപ കൂടി കണ്ടെടുത്തു. നേരത്തേ 1.05 കോടി രൂപ ലോക്കറിൽനിന്ന് കണ്ടെടുത്തിരുന്നു. സ്വപ്നയിൽ ഇത്ര പണം എങ്ങനെ വന്നു എന്നതാണ് അന്വേഷിക്കുന്നത്. കള്ളക്കടത്ത് ഇടപാടിന്റെ തോത് കണക്കാക്കുമ്പോൾ തുച്ഛമായ തുക മാത്രമേ സ്വപ്നക്ക് ലഭിക്കാനിടയുള്ളൂ. അങ്ങനെയെങ്കിൽ നേരത്തേ പിടിച്ചെടുത്ത ഒരു കോടി രൂപ മറ്റാരുടേതെങ്കിലുമാണോയെന്നും സംശയിക്കുന്നുണ്ട്. 45 ലക്ഷം രൂപയുടെ സ്ഥിരം നിക്ഷേപം കണ്ടെത്തിയതോടെയാണ് സ്വപ്നയുടെ എല്ലാ ഫിക്സഡ് ഡെപ്പോസിറ്റുകളും മരവിപ്പിക്കാൻ കത്ത് നൽകിയത്. സ്വപ്ന റിയൽ എസ്റ്റേറ്റ് ഇടപാടുകളുടെ ഇടനിലക്കാരിയായിരുന്നെന്ന വിവരവും ലഭിച്ചിരുന്നു. അതിന്റെ ആവശ്യങ്ങൾക്കായി സൂക്ഷിച്ചിരുന്നതാണ് ഒരു കോടിയെന്ന് സ്വപ്ന ചോദ്യം ചെയ്യലിൽ പറഞ്ഞിരുന്നു.